രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ വന്നാൽ സംരക്ഷണം നൽകുമോ? മാധ്യമങ്ങളോട് പ്രതികരിച്ച് ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ

Published : Aug 26, 2025, 06:36 PM ISTUpdated : Aug 26, 2025, 06:43 PM IST
a thankappan

Synopsis

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് സംരക്ഷണം നൽകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ച് ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ വന്നാൽ സംരക്ഷണം നൽകുമോ എന്ന് ചോദ്യത്തോട് പ്രതികരണവുമായി ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ. ഇപ്പോൾ രാഹുൽ കോൺഗ്രസിന്റെ ഭാ​ഗം അല്ലല്ലോ, തത്കാലം അതിനെകുറിച്ച് അഭിപ്രായം പറയുന്നില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റിൻ്റെ മറുപടി. രാഹുൽ മണ്ഡലത്തിൽ എത്തിയാൽ സംരക്ഷിക്കുന്ന കാര്യം കെപിസിസി തീരുമാനിക്കും. നിലവിൽ സംരക്ഷണം കൊടുക്കാൻ രാഹുൽ കോൺഗ്രസുകാരൻ അല്ലല്ലോ. രാഹുൽ എന്ന് മണ്ഡലത്തിൽ വരുമെന്ന കാര്യവും കെപിസിസി തീരുമാനിക്കുമെന്നും എ തങ്കപ്പൻ പറഞ്ഞു. 

അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ രാജിവെച്ചതോടെ സ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഫോർമുലയുമായി എ ഗ്രൂപ്പ് രം​ഗത്തെത്തി. കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തിനെ പ്രസിഡന്റ്‌ ആക്കാനും നിലവിലെ വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കാനുമാണ് നിർദ്ദേശം. കെസി വേണുഗോപാൽ ഗ്രൂപ്പിൽ നിന്നുള്ള ബിനു ചുള്ളിയിലിനെയും ദേശീയ ജനറൽ സെക്രട്ടറിയാക്കി ഉയർത്തണമെന്നാണ് എ ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്. എ ഗ്രൂപ്പിന്റെ ഫോർമുലയിൽ സംസ്ഥാനത്തെ പ്രധാന നേതാക്കൾ ഇന്ന് മുതൽ കൂടിയാലോചന ആരംഭിക്കും. സംഘടനാ തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട ചട്ടങ്ങളിൽ ഇരു ഗ്രൂപ്പുകൾക്കും ഇളവ് നൽകിയാണ് പുതിയ ഫോർമുല മുന്നോട്ട് വെക്കുന്നത്. സംഘടനയിൽ പതിറ്റാണ്ടായി മേൽക്കൈയുള്ള എ ഗ്രൂപ്പ്, അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കില്ല. കെ എം അഭിജിത്തിന്റെ പേര് മാത്രമാണ് മുന്നോട്ടുവയ്ക്കുന്നത്. ഗ്രൂപ്പ് നേതാക്കൾ ഒറ്റക്കെട്ടായി ഈ അഭിപ്രായം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷനെ തീരുമാനിക്കുന്ന മാതൃകയിൽ പാനൽ തയ്യാറാക്കി അഭിമുഖത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് ചട്ടത്തെ ബാധിക്കില്ലെന്നാണ് പോംവഴിയായി പറയുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്ന ഐ ഗ്രൂപ്പിൽ നിന്നുള്ള അബിൻ വർക്കിയെയും നിരാശപ്പെടുത്തില്ല. ദേശീയ ജനറൽ സെക്രട്ടറിയായി അബിനെ പ്രഖ്യാപിക്കാൻ അവിടെയും തെരഞ്ഞെടുപ്പ് ചട്ടത്തിൽ ഇളവ് നൽകും.

നിലവിൽ ദേശീയ സെക്രട്ടറിയായ ബിനു ചുള്ളിയിലിനെയും ജനറൽ സെക്രട്ടറിയായി ഉയർത്തും. ഈ മൂന്ന് യുവജന നേതാക്കളുടെയും പാനൽ തയ്യാറാക്കി അഭിമുഖത്തിലൂടെയാകും തീരുമാനം. എ ഗ്രൂപ്പ് മുന്നോട്ടുവച്ച ഫോർമുലയെ രമേശ് ചെന്നിത്തല കെസി വേണുഗോപാൽ ഗ്രൂപ്പുകൾ തള്ളില്ലെന്നാണ് സൂചന. അബിൻ വർക്കിക്ക് വേണ്ടി ചെന്നിത്തല കടുത്ത സമ്മർദ്ദം ഉയർത്തുന്നുണ്ടെങ്കിലും ബിനു ചുള്ളിയിലിനായി കെ സി വേണുഗോപാൽ ഇതുവരെ പരസ്യ നിലപാട് സ്വീകരിച്ചിട്ടില്ല. കെപിസിസി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും അധ്യക്ഷസ്ഥാനത്തേക്ക് പ്രത്യേക പേരുകളില്ല. സംസ്ഥാനത്തുണ്ടാകുന്ന സമന്വയത്തിലൂടെയാകും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുക. 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം