
കണ്ണൂര്‍: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുസ്ഥലത്ത് സ്ഥാപിച്ച വാട്ടര്‍ ടാങ്കില്‍ ചത്ത കാക്കകള്‍. തലശ്ശേരിക്കടുത്തുള്ള സെയ്ദാര്‍പ്പള്ളിയില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനിന്റെ ഭാഗമായി സ്ഥാപിച്ച വാട്ടര്‍ ടാങ്കിലാണ് സാമൂഹിക വിരുദ്ധര്‍ ചത്ത കാക്കളെ ഇട്ടത്. കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തനിക്ക് കൂടി വേണ്ടിയാണിതെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത, ഇത്തരം മഹാമാരിയെ തുരത്താനുള്ള ക്യാമ്പയിനുകള്‍ക്ക് രാഷ്ട്രീയത്തിനപ്പുറത്തുള്ള മനുഷ്യരുടെയാകെ യോജിപ്പാണ് വേണ്ടതെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത ദുഷ്ടബുദ്ധികളെയോര്‍ത്ത് നാടിപ്പോള്‍ തേങ്ങുന്നുണ്ടാവുമെന്നും ഇവര്‍ നാടിന്റെ ശത്രുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നല്ല കാര്യത്തിലും
നഞ്ച് കലക്കുന്നവർ അഥവാ
നാടിന്റെ ശത്രുക്കൾ
=•=•=•=•=•=•=•==•=•=•==•=•=
ഇവരെ സാമൂഹ്യ ദ്രോഹികൾ എന്നല്ല പറയേണ്ടത് ; അതിന് മീതേ വല്ലതുമുണ്ടെങ്കിൽ അതാണ് വിളിക്കേണ്ടത്. തലശ്ശേരിക്കടുത്ത സെയ്ദാർപ്പള്ളി എന്ന സ്ഥലത്ത് ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി സ്ഥാപിച്ച വാട്ടർ ടാങ്കിൽ, ചത്ത / കൊന്ന കാക്കളെ കൊണ്ടിട്ട ക്രൂരതയെ അത്രമേൽ എതിർക്കുക തന്നെവേണം. പൈപ്പും വെള്ളവും സോപ്പും സ്ഥാപിച്ചത് ഡി.വൈ.എഫ്.ഐ യോ ആരുമോ ആയിക്കൊള്ളട്ടെ. അത് സ്ഥാപിച്ചത് സാമൂഹത്തിനാകെ വേണ്ടിയാണെന്ന് തിരിച്ചറിയാൻ സാധിക്കാത്ത, അതിൽ ജീവനറ്റ കാക്കകളെ കൊണ്ടുചെന്നിട്ട കൊടും പാപികളെ പേറേണ്ടിവരുന്ന വീട്ടുകാരുടെ ഗതികേടോർത്ത് നമുക്ക് സങ്കടപ്പെടാം.
സംസ്ഥാന സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള 'ബ്രേക്ക് ദി ചെയിൻ' ക്യാമ്പയിൻ കക്ഷി-രാഷ്ട്രീയ ഭേദമെന്യേ ഏവരും ഏറ്റെടുത്തതാണ്. ലോകത്താകെ വിപത്ത് വിതച്ച കൊറോണയിൽ നിന്നും രക്ഷനേടാനുള്ള മാർഗ്ഗമെന്ന നിലയിൽ പൊതുയിടങ്ങളിലുൾപ്പടെ എത്തിച്ചേരുന്നവർ ഇത്തരം കേന്ദ്രങ്ങളിൽ സ്ഥാപിച്ച സോപ്പ് / ഹാന്റ് വാഷ് / സാനിറ്റൈസർ ഉപയോഗിക്കുന്നത് ഇന്ന് കേരളത്തിന്റെ സാർവ്വത്രികമായ നല്ല ശീലമായിരിക്കുന്നു. അതുകൊണ്ടുതന്നെ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമാവാത്തവരെ, അതിലും രാഷ്ട്രീയം കണ്ട് എതിർക്കുന്നവരെ സൂക്ഷിക്കുക തന്നെവേണം.
തനിക്ക് കൂടി വേണ്ടിയാണിതെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത, ഇത്തരം മഹാമാരിയെ തുരത്താനുള്ള ക്യാമ്പയിനുകൾക്ക് രാഷ്ട്രീയത്തിനപ്പുറത്തുള്ള മനുഷ്യരുടെയാകെ യോജിപ്പാണ് വേണ്ടതെന്ന് തിരിച്ചറിയാൻ സാധിക്കാത്ത ദുഷ്ടബുദ്ധികളെയോർത്ത് നാടിപ്പോൾ തേങ്ങുന്നുണ്ടാവും. കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ച വാട്ടർ ടാങ്കിലെ വെള്ളത്തിൽ കാക്കകളെ കൊണ്ടിട്ട അധമബുദ്ധികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.
- എം വി ജയരാജൻ
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam