
കണ്ണൂർ: തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് വൈശാഖ് എസ് ദർശൻ അറസ്റ്റിൽ. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പണം വാങ്ങി വൈശാഖിനു നൽകിയിരുന്നതായി രതീശൻ അവസാനമായി എഴുതിയ കുറിപ്പിൽ പരാമർശം ഉണ്ടായിരുന്നു. പണം വാങ്ങി വൈശാഖ് വഞ്ചിച്ചതാണ് മരണ കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റാണ് വൈശാഖ്.
ഈ മാസം മൂന്നിനാണ് തലശ്ശേരിയിലെ ഓഫീസ് മുറിയിൽ രതീശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പണം നൽകിയ ഉദ്യോഗാർത്ഥികൾ ജോലി ലഭിക്കാതിരുന്നതോടെ സമ്മർദം ചെലുത്താൻ തുടങ്ങി. പണം വാങ്ങിയ വൈശാഖ് ജോലി നൽകാതെ കബളിപ്പിച്ചു. അതിനാലാണ് ജീവനൊടുക്കുന്നത് എന്നാണ് കുറിപ്പിലുള്ളത്.
തിരുവനന്തപുരത്തു നിന്നുമാണ് എറണാകുളം സ്വദേശിയായ വൈശാഖിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണയാണ് ചുമത്തിയിരിക്കുന്ന കുറ്റം. പണം നൽകിയ ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തു വന്നാൽ കൂടുതൽ കുറ്റങ്ങൾ ചുമത്താനാണ് പൊലീസിന്‍റെ നീക്കം.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam