ജിജി തോംസണെ കൊച്ചിൻ ഷിപ്പായാർഡിൻ്റെ ഇൻഡിപെൻഡൻ്റ് ഡയറക്ടറാക്കിയിരുന്നുവെന്നും സ്ഥാനമാനം കുറഞ്ഞ് പോയത് കൊണ്ടാണ് അദ്ദേഹം പാർട്ടിയിൽ പിന്നീട് വരാതിരുന്നതെന്നും ജിജി ജോസഫ് ആരോപിച്ചു.

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. ജിജിതോംസൺ ബിജെപിയിൽ ചേരാൻ ശ്രമിച്ചെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 2017 ജൂൺ 26 ന് ന്യൂനപക്ഷ മോർച്ചയുടെ പരിപാടിയിൽ ജിജി തോംസൺ പങ്കെടുത്ത ഫോട്ടോകളും പുറത്തുവിട്ടു. പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാറിനേയും ജിജി തോംസൺ വാനോളം പുകഴ്ത്തിയെന്നും ജിജി തോംസണെ കൊച്ചിൻ ഷിപ്പായാർഡിൻ്റെ ഇൻഡിപെൻഡൻ്റ് ഡയറക്ടറാക്കിയിരുന്നുവെന്നും സ്ഥാനമാനം കുറഞ്ഞ് പോയത് കൊണ്ടാണ് അദ്ദേഹം പാർട്ടിയിൽ പിന്നീട് വരാതിരുന്നതെന്നും ജിജി ജോസഫ് ആരോപിച്ചു.

ജിജി ജോസഫിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

ജിജി തോംസൺ 'വെളിപ്പെടുത്തി' യല്ലോ. ഇനി ഞാനും വെളിപ്പെടുത്താം. രാഷ്ട്രീയ പ്രവർത്തകർ രഹസ്യമായി നടത്തുന്ന ചർച്ചകളുടെയും കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ പുറത്തു പറയരുതെന്നാണ് പറയാറ്. മുൻ ചീഫ് സെക്രട്ടറി കന്നംതിരിവ് കാണിച്ചതിനാൽ, ഈ അവസരത്തിൽ ഞാൻ അത് മാറ്റിവയ്ക്കുകയാണ്. ബി.ജെ.പി. സ്ഥാനാർത്ഥിയാകാൻ ജിജി തോംസണെ ഗ്യാനേഷ് കുമാർ ക്ഷണിച്ചു എന്നും ജയിച്ചാൽ മന്ത്രിയാക്കാം എന്ന് വാഗ്ദാനം ചെയ്തു എന്നാണല്ലോ അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ.കൊച്ചിയിൽ 2017 ജൂൺ 26 ന് മാർ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ഒരു ചടങ്ങ് ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ചു. ഞാനായിരുന്നു അന്ന് ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റ്.കേരളത്തിലെ സംഘപരിവാർ പ്രവർത്തകർ അങ്ങേയറ്റം ബഹുമാനിക്കുന്ന മുതിർന്ന നേതാവ് എന്നെ വിളിച്ചു.

ജിജി തോംസനെ ഈ പരിപാടിക്ക് വിളിക്കണം.അദ്ദേഹം നമ്മോടൊപ്പം വരാൻ താൽപര്യം പ്രകടിപ്പിച്ചു നിൽക്കുകയാണ് എന്നും എന്നോട് പറഞ്ഞു. അതനുസരിച്ച് ഞാൻ ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം വരുകയും ശ്രീ നരേന്ദ്രമോദിയെക്കു റിച്ചും കേന്ദ്രസർക്കാരിൻ്റെയും നടപടികളെ കുറിച്ചും വാനോളം പുകഴ്ത്തുകയും ചെയ്ത ആളാണ് ഇദ്ദേഹം .ബിജെപി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 2017 മുതൽ 2020 വരെ ഇൻഡിപെൻഡന്റ് ഡയറക്ടറായി സ്ഥാനം ലഭിക്കുകയും ചെയ്തു. ഇതിലും വലിയ സ്ഥാനമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത് എന്ന് എനിക്ക് സംശയമുണ്ട്. ഏതായാലും കിട്ടാത്ത മുന്തിരി പുളിക്കും എന്ന് വീണ്ടും ഓർമിപ്പിച്ച മുൻ ചീഫ് സെക്രട്ടറിക്ക് നല്ല നമസ്കാരം.