രൺജിത്ത് ശ്രീനിവാസൻ വധം: 15 പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് കേരള നീതിന്യായ ചരിത്രത്തിൽ ആദ്യം

Published : Jan 30, 2024, 01:32 PM ISTUpdated : Jan 30, 2024, 02:05 PM IST
രൺജിത്ത് ശ്രീനിവാസൻ വധം: 15 പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് കേരള നീതിന്യായ ചരിത്രത്തിൽ ആദ്യം

Synopsis

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ നൽകിയിരിക്കുന്നത് 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിലാണ്. ഈ കേസിൽ 38 പേർക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്

ആലപ്പുഴ: സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിലെ അത്യപൂർവ വിധിയാണ് രൺജിത്ത് ശ്രീനിവാസൻ കൊലക്കേസിലുണ്ടായത്. ബി ജെ പി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികൾക്കും വധശിക്ഷയാണ് കോടതി വിധിച്ചത്. ഇത്രയും പ്രതികള്‍ക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് സംസ്ഥാന നീതിന്യായ ചരിത്രത്തില്‍ ആദ്യമാണ്. മാവേലിക്കര അഡീഷണൽ സെഷൻസ്  ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പറഞ്ഞത്.

2021 ഡിസംബര്‍ 19നാണ് രൺജിത്ത്  ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18ന് രാത്രി എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടതിന്  പിന്നാലെയായിരുന്നു ഈ കൊലപാതകം. പ്രതികൾ എല്ലാവരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന എന്‍ ആര്‍ ജയരാജാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകള്‍ ഹാജരാക്കി. വിരലടയാളങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയവ ഹാജരാക്കി. 

പ്രതികള്‍ ഇവര്‍

ആലപ്പുഴ അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം വീട്ടില്‍ അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ വീട്ടില്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് വീട്ടില്‍ മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം വീട്ടില്‍ സറഫുദ്ദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടില്‍ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശ്ശേരി ചിറയില്‍ ജസീബ് രാജ, മുല്ലയ്ക്കല്‍ വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസ്, കോമളപുരം തയ്യില്‍ വീട്ടില്‍ സമീര്‍, നോര്‍ത്ത് ആര്യാട് കണ്ണറുകാട് വീട്ടില്‍ നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, മണ്ണഞ്ചേരി തെക്കേവെളിയില്‍ ഷാജി, മുല്ലയ്ക്കല്‍ നൂറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷറഫ് എന്നിവരാണ് ഒന്ന് മുതല്‍ 15 വരെ പ്രതികള്‍.

കൊലപാതകത്തോളം ഭയാനകമായ മാനസികാഘാതമെന്ന് പ്രോസിക്യൂഷന്‍

15 പ്രതികളിൽ 8 പേരാണ് രണ്‍ജിത്തിനെ വീട്ടില്‍ കയറി വെട്ടിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 9 മുതൽ 12 വരെ പ്രതികൾ വീടിനു പുറത്തു മാരകായുധങ്ങളുമായി കാവൽ നിന്നതിനാൽ അവരും കൊലപാതകക്കുറ്റ ശിക്ഷയ്ക്ക് അര്‍ഹരാണെന്ന് കോടതി വിലയിരുത്തി. 13 മുതൽ 15 വരെ പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായതു കൊണ്ടാണ് ഇവര്‍ക്കും വധശിക്ഷ വിധിച്ചതെന്ന്  കോടതി വ്യക്തമാക്കി. 15 പ്രതികള്‍ക്കുമെതിരെ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എല്ലാത്തിനും സാക്ഷിയായ അമ്മയ്ക്കും ഭാര്യയ്ക്കുമുണ്ടായ മാനസികാഘാതം കൊലപാതകത്തോളം ഭയാനകമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 

ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി

പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി പറഞ്ഞത്. 15ല്‍ 14 പ്രതികളും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. ഒരാള്‍ രോഗബാധിതനായി ആശുപത്രിയിലായതിനാല്‍ വന്നില്ല. കോടതി വിധിയിൽ സംതൃപ്തരെന്ന് രണ്‍ജീത് ശ്രീനിവാസിന്‍റെ കുടുംബം പ്രതികരിച്ചു. നഷ്ടം വളരെ വലുതാണ്. എന്നാൽ കോടതി വിധിയിൽ ആശ്വാസമുണ്ട്. കേസ് അന്വേഷണ സംഘത്തോടും പ്രോസിക്യൂട്ടറോടും നന്ദി അറിയിക്കുന്നുവെന്നും രണ്‍ജീതിന്‍റെ ഭാര്യ ലിഷ പറഞ്ഞു. പൊലീസിന് വലിയ നേട്ടമാണ് വിധിയെന്ന്
ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രതികരിച്ചു. വിധി സ്വാഗതാർഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ വിധിച്ചത് 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിലാണ്. ഈ കേസിൽ 38 പേർക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. രാജീവ് ഗാന്ധി വധക്കേസിൽ 26 പേർക്ക് ടാഡാ കോടതി വധശിക്ഷ വിധിച്ചു. 2010ൽ ബീഹാറിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗ കേസിൽ 16 പേർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഉജ്ജയിൻ സ്ഫോടനക്കേസിൽ ഏഴ് പേർക്കും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.  
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ചോദ്യം ചെയ്യലില്‍ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചു
പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്