
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കൊലവിളി പ്രസംഗത്തിൽ ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി. ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. അതേസമയം രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിലേക്കുള്ള പ്രകടനങ്ങൾ ഒഴിവാക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. ബിജെപി സിപിഎം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ നിന്നും കോൺഗ്രസ് വിട്ടു നിന്നു.
പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടന്‍റെ കൊലവിളി പ്രസംഗം. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് വീണ്ടും ഭീഷണി മുഴക്കിയത്.
നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ആർ എസ് എസ് നേതാക്കളെ അവഹേളിച്ചാൽ എംഎൽഎയെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി. അതേസമയം നൈപുണ്യ വികസന കേന്ദ്രത്തിന് ആർ എസ് എസ് നേതാവിന്റെ പേര് നൽകിയ വിഷയത്തെ നിയമപരമായി, ജനാധിപത്യപരമായി, രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം.
സർവകക്ഷിയോഗം വിളിച്ച് പൊലീസ്
ഹെഡ്ഗേവാർ പേര് വിവാദത്തിൽ ആറാം ദിവസവും തെരുവിൽ പോരുമായി കോൺഗ്രസും ബിജെപിയും മുന്നേറിയപ്പോളാണ് പൊലീസ് സർവകക്ഷിയോഗം വിളിച്ചത്. പാലക്കാട് ഡിവൈഎസ്പി ഓഫീസിൽ നടന്ന ചർച്ചയിൽ സിപിഐഎം-ബിജെപി പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്. പാർട്ടി ഓഫീസുകളിലേക്ക് മാർച്ച് നടത്തുന്നതും, വ്യക്തി അധിക്ഷേപങ്ങളും ഒഴിവാക്കണമെന്നും ചിറ്റൂർ ഡിവൈഎസ്പി കൃഷ്ണദാസ് അഭ്യർഥിച്ചു. അഭിപ്രായത്തെ സിപിഐഎം പിന്തുണച്ചു. ബിജെപിയും അനുകൂല നിലപാടെടുത്തു. എന്നാൽ കോൺഗ്രസ് തീരുമാനത്തിനനുസരിച്ചായിക്കും ബിജെപി പ്രതികരണമെന്ന് നേതാക്കൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം