
കൊച്ചി: മുനമ്പം തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ കത്തോലിക്ക മുഖപത്രമായ ദീപികയിൽ മുഖപ്രസംഗം. വഖഫ് ബോർഡ് തർക്ക ഭൂമിയിലെ കുടുംബങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണമെന്നും എഡിറ്റോറിയൽ ആഹ്വാനം ചെയ്തു.
മുനമ്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വഖഫ് ബോർഡ് വെല്ലുവിളിച്ചിരിക്കുന്നത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ലെന്നും മതേതര കേരളത്തെയാണെന്നും പറയുന്നു. തങ്ങളുടേതെന്നു തങ്ങൾക്കു തോന്നുന്ന ഏതു സ്വത്തും കൈവശപ്പെടുത്താൻ അനുവദിക്കുന്ന വഖഫ് വകുപ്പുകൾ ഈ മതേതര രാജ്യത്ത് ഇതിനോടകം വരുത്തിവച്ചിട്ടുള്ള വിനാശങ്ങൾ എല്ലാവരും ഓർമിക്കുന്നതു നല്ലതാണെന്നും തീവ്രഹിന്ദുത്വയെ രാജ്യത്ത് വളർത്തിയതിൽ വഖഫ് ബോർഡിന്റെ പങ്ക് ചരിത്രത്തിലുണ്ടാകുമെന്നും എഡിറ്റോറിയലിൽ പറയുന്നു.
കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്തെങ്കിലും അതിന് മുമ്പ് മതനിയമത്തിൽ പെട്ടുപോയ മുനമ്പം നിവാസികളെ രക്ഷിക്കാൻ ഭേദഗതിയിൽ ഒന്നുമില്ലായിരുന്നു. മുനമ്പത്തെ വേട്ട തുടരാൻ ബോർഡിന് അതു സഹായകമായി. പിണറായി സർക്കാർ കുറെയൊക്കെ ശ്രമിച്ചെങ്കിലും പരിഹരിക്കാനായില്ല. അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ പറഞ്ഞിട്ടുള്ളതുകൊണ്ട് ഈ സംഭവവികാസങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കെ-റെയിൽ വിജ്ഞാപനവും സ്ഥലമേറ്റെടുക്കലുമെല്ലാം പുതിയ സർക്കാർ റദ്ദാക്കിയപ്പോൾ സ്ഥലം ഏറ്റെടുക്കാൻ നാട്ടിയ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മനുഷ്യർക്കു സ്വന്തം സ്ഥലം വിൽക്കാനോ ആർക്കെങ്കിലും വാങ്ങാനോ മക്കളുടെ ആവശ്യത്തിനു പണയം വയ്ക്കാനോ പോലും വയ്യാത്ത സ്ഥിതിയായിരുന്നുവെന്നും അതേ അവസ്ഥയിലാണ് മുനമ്പത്തെ മനുഷ്യരെന്നും മുനമ്പം ഭൂമി വഖഫല്ലെന്നും തങ്ങൾ അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് പ്രശ്നം പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുന്നതുപോലെ എളുപ്പമല്ലേ വഖഫ് ബോർഡിന്റെ വിജ്ഞാപനങ്ങളെ തൊട്ടുകളിക്കാനെന്നും ചോദിച്ചു. 2025ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുന്നിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ സ്വീകരിച്ച നിലപാട് മുനമ്പത്തുകാർക്ക് അനുകൂലമായിരുന്നുവെന്നും എഡിറ്റോറിയലിൽ പറഞ്ഞു. വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കി, മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണമെന്നും അതുവരെ ‘10 മിനിറ്റ് വാഗ്ദാനമഴ’ നനഞ്ഞ ഇരകൾ മതേതരത്വത്തിന്റെ തിരകളെണ്ണി കടപ്പുറത്തുണ്ടാകും. എങ്ങോട്ടും പോകില്ലെന്നും എഡിറ്റോറിയൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam