
പാലക്കാട്: അട്ടപ്പാടിയിൽ ആൾകൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപെട്ട മധുവിന്റെ കുടുംബത്തിനും സമരസമിതി പ്രവർത്തകർക്കുമെതിരെ മാനനഷ്ടക്കേസ്. വള്ളിയമ്മാൾ ഗുരുകുലമെന്ന സ്ഥാപനത്തിന്റെ ഉടമയായ രവീന്ദ്രൻ വൈദ്യരാണ് മാനനഷ്ട കേസ് കൊടുത്തത്. സമരസമിതി ചെയർമാൻ വി എം മാർസൻ ഒന്നാം പ്രതിയായും രംഗസാമിയെ രണ്ടാം പ്രതിയാക്കിയുമാണ് ഇത്.
മധുവിന്‍റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ ഷിഫാന് ജാമ്യമില്ല
മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരെ മൂന്നും , നാലും പ്രതികളാക്കിയിട്ടുണ്ട്. വള്ളിയമ്മാൾ ഗുരുകുലത്തിനെ അപകീർത്തിപെടുത്തുന്ന തരത്തിൽ മാധ്യമങ്ങളിലൂടെ സംസാരിച്ചതിനാണ് കേസ്. മൂന്ന് കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. വള്ളിയമ്മാൾ ഗുരുകുലത്തിലെ വ്യക്തികളാണ് തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് മധുവിന്റെ കുടുംബം പരാതി നൽകിയിരുന്നു. വള്ളിയമ്മാൾ ഗുരുകുലത്തിൽ നടത്തിയ റെയ്ഡിൽ ഒരാൾ അറസ്റ്റിലാവുകയും കണക്കിൽ പെടാത്ത 36 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
മധു കൊലക്കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു. 11 പ്രതികൾ 13 സാക്ഷികളെ നിരന്തരം
ഫോണിൽ വിളിച്ചതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. പ്രതികൾക്ക് വേണ്ടി ഇടനിലക്കാർ സാക്ഷികളുമായി ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളും ഇതിലുണ്ട്. സാക്ഷികളെ കൂറുമാറ്റാൻ സംഘടിത ശ്രമമുണ്ടെന്ന കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഈ രേഖകൾ.
പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. ചില സാക്ഷികളെ 63 തവണ ബന്ധപ്പെട്ടെന്നും പുറത്തുവന്ന ഫോൺ വിവരങ്ങളിലുണ്ട്. ഇത് ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ലംഘനമാണ്. പ്രതികൾ നേരിട്ടും, ഇടനിലക്കാർ മുഖേനെയും സാക്ഷികളെ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്ന പൊലീസ് റിപ്പോർട്ടും വിചാരണക്കോടതിയുടെ മുമ്പിലെത്തിയിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത്.
തുടർ കൂറുമാറ്റങ്ങൾക്കിടെ ജൂലൈ 16നാണ് വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ ജില്ലാ ജഡ്ജി ചെയർമാനായുള്ള കമ്മിറ്റി ഉത്തരവിട്ടത്. എന്നിട്ടും സാക്ഷികളുടെ കൂറുമാറ്റം തടയാനായില്ല. രഹസ്യമൊഴി നൽകിയവരും, പൊലീസിന് പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകിയവരും അടക്കം 13 പേർ കോടതിയിൽ കൂറുമാറിയിട്ടുണ്ട്. സംഘടിത ശ്രമം തുടരുന്നതിനിടെയാണ്, മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിൽ മുക്കാലി സ്വദേശി ഷിഫാന്റെ അറസ്റ്റ് കേസിലെ ഒന്നാംപ്രതി അബ്ബാസിന്റെ മകളുടെ മകനാണ് ഷിഫാൻ. അബ്ബാസിനൊപ്പം മധുവിൻ വീട്ടിൽ പോയിരുന്നെന്നും, എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷിഫാൻ പൊലീസിന് മൊഴി നൽകി. അബ്ബാസ് ഇപ്പോഴും ഒളിവിലാണ്. ഷിഫാനെ പിടികൂടുമ്പോൾ, കണ്ടെടുത്ത 36 ലക്ഷം രൂപ സാക്ഷികളെ സ്വാധീനിക്കാൻ കൊണ്ടുവന്നതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam