Asianet News MalayalamAsianet News Malayalam

മധുകൊലക്കേസ്:പ്രതികൾ നേരിട്ടും ഇടനിലക്കാർ വഴിയും സാക്ഷികളെ ബന്ധപ്പെട്ടു,ഫോൺ വിളി രേഖകൾ ഹാജരാക്കി പ്രോസിക്യൂഷൻ

ഇന്നലെ പൊലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡിൽ രേഖകൾ ഇല്ലാത്ത 36 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു

Madhu murder case: Accused contacted witnesses directly and through intermediaries
Author
First Published Aug 11, 2022, 6:55 AM IST

പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ പലവിധത്തിൽ ശ്രമിച്ചതിന് തെളിവുകൾ.പ്രതികൾ നേരിട്ടും ഇടനിലക്കാർ വഴിയും സാക്ഷികളുമായി ബന്ധപ്പെട്ടതിനുള്ള രേഖകൾ ആണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. സാക്ഷികളെ കൂറുമാറ്റാൻ സംഘടിത ശ്രമമുണ്ടെന്ന കുടുംബത്തിന്‍റെ ആരോപണം ശരി വയ്ക്കുന്നതാണ് ഷിഫാന്‍റെ ഇന്നലെയുണ്ടായ അറസ്റ്റ്.

മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഒന്നാംപ്രതിയാണ് അബ്ബാസ്. ഇദ്ദേഹത്തിൻറെ മകളുടെ മകനാണ് ഇന്നലെ അറസ്റ്റിലായ ഷിഫാൻ. അബ്ബാസിനൊപ്പം മധുവിന്‍റെ വീട്ടിൽ പോയിരുന്നെന്നും എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷിഫാൻ പൊലീസിന് മൊഴി നൽകി. അബ്ബാസ് ഇപ്പോഴും ഒളിവിലാണ്. ജാമ്യം തേടി ഇയാൾ പാലക്കാട് കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇന്നലെ പൊലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡിൽ രേഖകൾ ഇല്ലാത്ത 36 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാനുള്ള പണമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷൻ ഹർജി വിചാരണക്കോടതിയുടെ പരിഗണയിൽ ഇരിക്കെയാണ് ഷിഫാന്‍റെ അറസ്റ്റ്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന ജാമ്യ വ്യവസ്ഥ പ്രതികൾ ലംഘിച്ചെന്ന് തെളിയിക്കുന്ന നിർണായക രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

പ്രതികൾ നേരിട്ടും, ഇടനിലക്കാർ മുഖേനെയും സാക്ഷികളെ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്ന പൊലീസ് റിപ്പോർട്ടും ഇതിനോടകം വിചാരണക്കോടതിയുടെ മുമ്പിലെത്തിയിട്ടുണ്ട്. തുടർ കൂറുമാറ്റങ്ങൾക്കിടെ ജൂലൈ 16നാണ് വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ ജില്ലാ ജഡ്ജി ചെയർമാനായുള്ള കമ്മിറ്റി ഉത്തരവിട്ടത്. എന്നിട്ടും സാക്ഷികളുടെ കൂറുമാറ്റം തടയാനായില്ല.രഹസ്യമൊഴി നൽകിയവരും, പൊലീസിന് പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകിയവരും കോടതിയിൽ കൂറുമാറി.

നാലുകൊല്ലമായി 16 പ്രതികളും ജാമ്യത്തിലാണ്. പ്രതികളും സാക്ഷികളും ഒരേ നാട്ടുകാർ. സാക്ഷികളിൽ ചിലരെങ്കിലും പ്രതികളുടെ ആശ്രിതർ ആണ്. ഇതെല്ലാം സാക്ഷികളെ സ്വാധീനിക്കാൻ വഴിയൊരുക്കിയെന്ന വാദവും തള്ളിക്കളയാനാകില്ല.

Follow Us:
Download App:
  • android
  • ios