മധുവിന്‍റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ ഷിഫാന് ജാമ്യമില്ല

By Web TeamFirst Published Aug 12, 2022, 4:44 PM IST
Highlights

രഹസ്യ വിവരത്തെ തുടർന്ന് അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഷിഫാൻ പിടിയിലായത്.

പാലക്കാട്: അട്ടപ്പാടി മധു വധകേസിൽ നിന്ന് പിന്മാറാന്‍  മധുവിൻ്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ  മുക്കാലി പറയൻകുന്ന് സ്വദേശി ഷിഫാൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് എസ്‍‌സി എസ്‍ടി കോടതിയാണ് അപേക്ഷ തള്ളിയത്. പത്ത് ദിവസം കഴിഞ്ഞ് വീണ്ടും കോടതിയെ സമീപിക്കാമെന്നും അതിന് മുൻപ് ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാമെന്നും  കോടതി വ്യക്തമാക്കി.

കേസിൽ നിന്ന് പിൻമാറാൻ  മധുവിൻ്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതിയായ അബ്ബാസിൻ്റെ മകളുടെ മകനാണ്  ഷിഫാൻ. അബ്ബാസിനൊപ്പം മധുവിന്‍റെ വീട്ടിൽ പോയിരുന്നെന്നും എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷിഫാൻ  പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസം ഷിഫാൻ്റെ താമസസ്ഥലത്ത് നടത്തിയ റെയ്‍ഡില്‍ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം അട്ടപ്പാടി മധുകൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഈ മാസം 16 ന് പരിഗണിക്കും. മണ്ണാർക്കാട് എസ്‍സി - എസ്ടി കോടതിയുടേതാണ് നടപടി. സാക്ഷി വിസ്താരം ഇനി ഹർജി പരിഗണിച്ച ശേഷം മാത്രമേ ഉണ്ടാകൂ. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. ഈ വാദം സാധൂകരിക്കുന്ന രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ 13 പേർ കൂറുമാറിയിരുന്നു. സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

മധുവിന്‍റെ കുടുംബത്തിനെതിരെ മാനനഷ്ട കേസ്; മൂന്ന് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വള്ളിയമ്മാൾ ഗുരുകുലം

അട്ടപ്പാടിയിൽ ആൾകൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപെട്ട മധുവിന്റെ കുടുംബത്തിനും സമരസമിതി പ്രവർത്തകർക്കുമെതിരെ മാനനഷ്ടക്കേസ്. വള്ളിയമ്മാൾ ഗുരുകുലമെന്ന സ്ഥാപനത്തിന്റെ ഉടമയായ രവീന്ദ്രൻ വൈദ്യരാണ് മാനനഷ്ട കേസ് കൊടുത്തത്. സമരസമിതി ചെയർമാൻ വി എം മാർസൻ ഒന്നാം പ്രതിയായും രംഗസാമിയെ രണ്ടാം പ്രതിയാക്കിയുമാണ് ഇത്.

click me!