
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. അലന്‍ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു. പൊലീസിന്റെ കൈയിലുള്ള തെളിവുകളൊന്നും യുഎപിഎ ചുമത്താന്‍ പര്യാപ്തമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പ്രതികളുടെ ജാമ്യാപേക്ഷയെ പ്രൊസിക്യൂഷന്‍ കോടതിയില്‍ എതിർത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
എന്നാൽ യുഎപിഎ നിലനിൽക്കുമെന്നാണ് കോടതി നിരീക്ഷണമെങ്കിൽ ജാമ്യ സാധ്യത അടയും. യുഎപിഎ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ പ്രത്യേക നിര്‍ദ്ദേശങ്ങമൊന്നും ഇല്ലെന്നായിരുന്നു പ്രോസിക്യൂട്ടര്‍ എം കെ ജയകുമാറിന്‍റെ ഇന്നലത്തെ മറുപടി. അതേ സമയം താഹയെയും അലനെയും പിടികൂടുന്ന സമയത്ത് ഓടി രക്ഷപ്പെട്ട മൂന്നാമനായി തെരച്ചിൽ തുടരുകയാണ് പൊലീസ്.
അലനും താഹക്കും സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് പ്രതികളെയും കോഴിക്കോട് നിന്ന് മാറ്റണമെന്ന് ഇന്നലെ ജയിൽ സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു. പ്രതികൾ ജയിലിൽ സുരക്ഷിതരല്ലെന്നും അതിനാൽ ഇവരെ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് മാറ്റണമെന്നുമാണ് ആവശ്യം. ഇതിനായി ഉടൻ ഡിജിപിക്ക് അപേക്ഷ നൽകും.
ഇരുവരും സിപിഐ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന നിലപാടിൽ പൊലീസ് ഉറച്ച് നിൽക്കുകയാണ്. എന്നാൽ ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം ഇന്നലെ കോടതിയിൽ വാദിച്ചു. യുഎപിഎ നിലനിൽക്കില്ലെന്ന് വാദിച്ച പ്രതിഭാഗം, പിടിയിലായവർ ഏതു ദിവസും കോടതിയിൽ ഹാജരാകാൻ തയാറാണെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ എംകെ ദിനേശൻ പറഞ്ഞു.
Read More: സര്‍ക്കാര്‍ അനുമതിയോടെയാണോ ലേഖനമെന്ന് മുഖ്യമന്ത്രി പരിശോധിക്കണം; ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് കാനം
അലനും താഹയ്ക്കുമൊപ്പം മൂന്നാമൻ ബൈക്കിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചതായി ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. പ്രതികളുടെ കൈയിൽ നിന്നും പിടിച്ചെടുത്ത തീവ്ര ഇടത് യോഗങ്ങളുടെ മിനുട്സിൽ പേരുള്ള ചിലരുടെ വീടുകളിലും ഇന്നലെ പൊലീസ് പരിശോധന നടത്തി. പ്രതികളുടെ കൈയൽ നിന്ന് പിടിച്ചെടുത്ത കോഡ് ഭാഷയിലുള്ള നോട്ട് വിദഗ്ധരുടെ സഹായത്തോടെ വായിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
Read More: യുഎപിഎ കേസ്; മൂന്നാമന്‍റെ സിസിടിവി ദൃശ്യം ലഭിച്ചെന്ന് പൊലീസ്
മാവോയിസ്റ്റുകൾ രഹസ്യ സ്വഭാവത്തോടെ എങ്ങനെ ജീവിക്കണം എന്ന മാർഗ നിർദ്ദേശമടങ്ങുന്ന കൈപുസ്തകം താഹയുടെ വീട്ടിൽ നിന്ന് കിട്ടിയെന്നാണ് പൊലീസ് പറയുന്നു. സഖാക്കൾ പരസ്പരം ഫോണിൽ സംസാരിക്കരുതെന്നും മീറ്റിങ്ങുകളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ വേണ്ട മുൻകരുതലെന്തെന്നും ഇതിൽ വിവരിക്കുന്നുണ്ട്.
Read More: യുഎപിഎ അറസ്റ്റ്: അലനും താഹയും കോഴിക്കോട് ജയിലിൽ സുരക്ഷിതരല്ലെന്ന് സൂപ്രണ്ട്; മാറ്റാൻ നീക്കം
പിടിച്ചെടുത്ത ലാപ്ടോപ്പ് പെൻഡ്രൈവ് എന്നിവയുടെ ശാസ്ത്രീയ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ആണ് പൊലീസ് പ്രതീക്ഷ. ജാമ്യാപേക്ഷയിലെ കോടതിവിധിക്ക് ശേഷം പ്രതികളെ കസ്റ്റഡിയിൽ കിട്ടാനായി പൊലീസ് അപേക്ഷ നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam