നിതിൻ രാജിൻ്റെ മരണത്തിൽ പൊലീസിൻ്റെ നിർണായക നീക്കം; അധ്യാപകരെ പ്രതികളാക്കി കേസെടുത്തു, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

Published : Apr 12, 2026, 08:25 PM IST
nithin raj death

Synopsis

ഡോ എംകെ റാം, ഡോ സംഗീത എന്നിവരാണ് പ്രതികൾ. ആത്മഹത്യാ പ്രേരണയാണ് അന്വേഷിക്കുന്നത്. റാഗിംഗ് പരാതി അന്വേഷിക്കുമെന്നും അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് പോകുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്‍റൽ കോളേജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകരെ പ്രതികളാക്കി കേസെടുത്ത് പൊലീസ്. ഡോ എംകെ റാം, ഡോ സംഗീത എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. നിതിൻ രാജിൻ്റെ ആത്മഹത്യയാണ് എന്നതിൽ സംശയം ഇല്ല. എന്നാൽ റാഗിംഗ് പരാതി അന്വേഷിക്കുമെന്നും അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് പോകുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ് പൊലീസ്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ 7 അംഗ സംഘത്തിനാണ് ചുമതല. കോളേജിൽ അധ്യാപകരിൽ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിൻ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഇതിനിടെ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്ന ശബ്ദ സന്ദേശമടക്കം പുറത്ത് വന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ സ്റ്റാഫ് റൂം പോലും നിതിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കയ്യും കാലും വെട്ടും എന്നും പറയുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങി നിരവധി നേതാക്കളും പൂക്കോട് വെറ്റിനറി കോളേജിൽ റാംഗിങ്ങുമായി ബന്ധപ്പെട്ട് മരണപ്പെട്ട സിദ്ധാർഥന്‍റെ അമ്മയും നിതിന്‍റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. വിശദമായ അന്വേഷണം വേണമെന്നാണ് വി ഡി സതീശനും എം വി ഗോവിന്ദനും ആവശ്യപ്പെട്ടത്.

വിശദ വിവരങ്ങൾ

സ്വന്തം അധ്യാപകരിൽ നിന്ന് നേരിട്ട ദുരനുഭവം നിതിൻ സുഹൃത്തിനോട് പറഞ്ഞത് രണ്ടു ദിവസം മുമ്പ് ആയിരുന്നു. കണ്ണൂർ ഡെന്റൽ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസ്സിനകത്തും പുറത്തും നിരന്തരം വേട്ടയാടി. മാർക്ക്‌ കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കളിയാക്കിയും പരാമർശങ്ങൾ നടത്തിയെന്നും നിതിൻ വെളിപ്പെടുത്തിയിരുന്നു. നിതിൻ രാജിന്റെ സമാന അനുഭവമുള്ള മറ്റു വിദ്യാർത്ഥികളുമുണ്ട് ഡെന്റൽ കോളേജിലെന്നാണ് വ്യക്തമാകുന്നത്. തുറന്നുപറഞ്ഞാൽ നടപടി നേരിടുമെന്നാണ് ആശങ്ക. കഴിഞ്ഞവർഷം വിദ്യാർത്ഥികളുടെ പരാതിയിൽ ഡോക്ടർ എം കെ റാം സസ്പെൻഷനിലായിരുന്നു. ആരോപണ വിധേയരായ ഡോക്ടർ എം കെ റാമിന്റെയും ഡോക്ടർ സംഗീതയുടെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇരുവർക്കും നോട്ടീസ് നൽകി വിളിച്ചുവരുത്തും. സഹപാഠികളുടെയും മൊഴിയെടുക്കും. 

സിദ്ധാർഥിന്റെ വിഷയം ഉണ്ടായപ്പോൾ തന്നെ കർശന നടപടി വേണമായിരുന്നുവെന്നും നാണക്കേട് കാരണം തലകുനിച്ച് നിൽക്കുന്നുവെന്നുമാണ് സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. വിശദമായ അന്വേഷണവും ആവശ്യപ്പെട്ടു. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിന് കർശനമായ നടപടി സ്വീകരിക്കണമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടത്. ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ കുടുംബാംഗങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച വിശദമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണം. കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ലെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിതിൻ രാജിന്‍റെ മരണം; മകനെ 'പുഴുത്ത പട്ടി' എന്ന് വിളിച്ചിരുന്നുവെന്ന അമ്മയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്, പോരാട്ടത്തിൽ ഒപ്പമുണ്ടെന്ന് എസ്എഫ്ഐ
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: എഎ റഹീം, ശിവൻകുട്ടി, എംവി ഗോവിന്ദൻ എന്നിവരെ പ്രതി ചേർക്കണം', വനിത കമ്മീഷൻ ഉപദേശക സമിതി അംഗത്തിന്റെ പരാതി