
കോഴിക്കോട് : അടിയന്തര സാഹചര്യത്തില്‍ സഹായം എത്തിക്കാനുളള ഇലക്ട്രോണിക് സംവിധാനം അഴിച്ചുമാറ്റി ഔദ്യോഗിക വാഹനത്തില്‍ ജില്ല വിട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പു തല അന്വേഷണം. കോഴിക്കോട് ഫറോക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.പി. സന്ദീപിനെതിരെയാണ് അന്വേഷണം. ടോള്‍ ഫ്രീ നന്പര്‍ വഴി സഹായമഭ്യര്‍ത്ഥിച്ചെത്തുന്ന കോളുകളില്‍ നടപടിയെടുക്കാന്‍ ഉപയോഗിക്കുന്ന സിസ്റ്റം വാഹനത്തില്‍ നിന്ന് അഴിച്ചു മാറ്റിയാണ് സിഐ യാത്ര നടത്തിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫറോക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.പി.സന്ദീപ് കോടതി ആവശ്യത്തിനെന്ന പേരില്‍ ഔദ്യോഗിക വാഹനത്തില്‍ പാലക്കാട് പോയി മടങ്ങിയത്. ഫറോഖ് സ്റ്റേഷനില്‍ നിന്ന് വാഹനവുമായി പോയ ഡ്രൈവര്‍ സിഐയെ മലപ്പുറത്തെ വീട്ടിലെത്തി കൂട്ടി പാലക്കാട് പോയി മടങ്ങുകയായിരുന്നു. മേലുദ്യോഗസ്ഥരുടെ അനുമതിയോടെ അത്യാവശ്യ ഘട്ടങ്ങളില്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്ന രീതി ഉണ്ടെങ്കിലും എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം അഴിച്ചുമാറ്റി യാത്ര നടത്തിയ നടപടിയാണ് സിഐയ്ക്ക് വിനയായത്.
ജീവൻരക്ഷാ സഹായം ആവശ്യപ്പെട്ടും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ഏതു സർവീസ് പ്രൊവൈഡറുടെ മൊബൈലിൽനിന്നും ടോൾ ഫ്രീ നമ്പരായ 112 ലേക്കു വിളിക്കാവുന്ന സംവിധാനമാണ് ഇആർഎസ്എസ് അഥവാ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം. ഇതിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത് സംസ്ഥാന പോലീസ് ആസ്ഥാനത്താണ്. തിരുവനന്തപുരത്ത് രേഖപ്പെടുത്തുന്ന കോൾ, അതത് ജില്ലകളിലെ കോ-ഓർഡിനേഷൻ സെന്ററിലേക്ക് കൈമാറും. അവിടെനിന്ന് സഹായം ആവശ്യപ്പെടുന്ന ആളിന്റെ സമീപത്തെ പൊലീസ് വാഹനത്തിലേക്ക് സന്ദേശം എത്തുകയും പോലീസ് ഉടനടി എത്തുകയുമാണ് രീതി. ഇത്തരത്തില്‍ കൺട്രോൾ റൂമിൽ നിന്ന് സന്ദേശം അയച്ചപ്പോഴാണ് ഇആർഎസ്എസ് സംവിധാനം ഫറോഖ് സ്റ്റേഷനിൽ തന്നെയാണെന്നും അത് ഘടിപ്പിച്ചിരുന്ന ജീപ്പ് പുറത്താണെന്നും അറിഞ്ഞത്. ഈ വിവരം വയർലെസ് വഴി സിറ്റിക്കുള്ളിൽ എല്ലായിടത്തും എത്തുകയും ചെയ്തു. ഇതോടെയാണ് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമ്മീഷണറെ ഡിസിപി ഡോ. എ.ശ്രീനിവാസ് ചുമതലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam