Police Atrocity : ജയിലില്‍ അടച്ചിട്ടും തീരാതെ കലി, വീണ്ടും കേസില്‍ കുടുക്കാന്‍ ശ്രമം, പരാതിയുമായി സഹോദരങ്ങള്‍

By Web TeamFirst Published Jan 8, 2022, 9:37 AM IST
Highlights

ബന്ധുവീട്ടിലും നാട്ടിലും പൊലീസ് എത്തി തട്ടിപ്പുകാരാണെന്ന് പറഞ്ഞ് അപമാനിക്കുന്നതായും കള്ളകേസിൽ കുടുക്കാൻ വീണ്ടും ശ്രമിക്കുന്നതായും  യുവാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കൊച്ചി: സിവിൽ കേസിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി കള്ളകേസെടുത്ത് ജയിലിലടച്ചിട്ടും കലി ഒടുങ്ങാതെ പൊലീസ്. നൂറനാട് സ്റ്റേഷനിൽ (Nooranad Station) പൊലീസ് മർദ്ദനത്തിനിരയായ സഹോദരങ്ങളായ സജിനും ഷാനുമാണ് പരാതിയുമായി രംഗത്തെത്തിയത്. ബന്ധുവീട്ടിലും നാട്ടിലും പൊലീസ് എത്തി തട്ടിപ്പുകാരാണെന്ന് പറഞ്ഞ് അപമാനിക്കുന്നതായും കള്ളകേസിൽ കുടുക്കാൻ വീണ്ടും ശ്രമിക്കുന്നതായും  യുവാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

നൂറനാട് സ്റ്റേഷനിൽ പൊലീസ് മർദ്ദനം വീഡിയോയിൽ ചിത്രീകരിച്ചന്നെ് ബോധ്യമായപ്പോഴാണ് പൊലീസുകാർ ഗൂഡാലോചന നടത്തി സഹോദരങ്ങളെ കള്ളകേസിൽ ഉള്‍പ്പെടുത്തിയത്. എന്നാൽ പൊലീസ് മർദ്ദനത്തെക്കുറിച്ച് പരാതിയുമായി ഹൈക്കോടതിയെയും മാധ്യമങ്ങളെയും സമീപിച്ചതോടെ പൊലീസ് പിന്തുടർന്ന് ഉപദ്രവിക്കുകയാണെന്നാണ് പരാതിക്കാരുടെ ആരോപണം. പൊലീസുകാരെ ഭയന്ന് ഫർണ്ണിച്ചർ കട നടത്താൻ മുറി വാടകയ്ക്ക് തന്നവർ പലരും കട ഒഴിയാൻ ആവശ്യപ്പെട്ടു. മാനസികമായി തകർത്ത പൊലീസ് തൊഴിലും ഇല്ലാതാക്കുകയാണെന്നും ഇവർ പറയുന്നു.

എന്നാൽ യുവാക്കളെ പിന്തുടർന്ന് കള്ളകേസ് എടുക്കുകയാണെന്ന  ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന നിലപാടാണ് പൊലീസിന്. സംഭവത്തിൽ അന്വേഷണം നടത്തിയ നർകോടിക് സെൽ ഡിവൈഎസ്പി ഉദ്യോഗസ്ഥരെ വെള്ളപൂശി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിറകിൽ പൊലീസ് സംഘടനകളുടെ ഇടപെടലാണെന്നും ആരോപണമുണ്ട്. പൊലീസ് പിന്തുടർന്ന് ഉപദ്രവിക്കുന്നതിനെതിരെ പരാതി നൽകാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.  

 

tags
click me!