കാത്തിരുന്ന് കിട്ടിയ കൺമണി, ഒടുവില്‍ മകനെ ആദ്യം കണ്ട ദിനത്തില്‍ ദേവനന്ദയ്ക്ക് വിടചൊല്ലി അച്ഛന്‍

By Web TeamFirst Published Feb 29, 2020, 9:39 AM IST
Highlights

വിവാഹം കഴിഞ്ഞ് അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രദീപ് കുമാർ-ധന്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറക്കുന്നത്. ദേവനന്ദ എന്ന് പേരിട്ട അവളെ പ്രദീപും ധന്യയും പൊന്നു എന്നു വിളിച്ചു. എന്നാൽ, തന്റെ ആദ്യത്തെ കൺമണിയെ കൺനിറയെ ഒന്നുകാണാൻ പോലും ആകാതെ അവൾ ദൂരത്തേയ്ക്ക് മാഞ്ഞകന്നു. 

കൊല്ലം: ഒരുനാടിന്റെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും വിരാമമിട്ട് ഏഴുവയസുകാരി ദേവനന്ദ വിടവാങ്ങി. വ്യാഴാഴ്ച രാവിലെ കാണാതായ ദേവനന്ദയുടെ മൃതദേഹം പിറ്റേന്ന് വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കണ്ടെത്തിയത്. തുടർന്ന് ദേവനന്ദ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തന്റെ പൊന്നോമനയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയ അച്ഛൻ പ്രദീപിന്റെ ദൃശ്യങ്ങൾ‌ നൊമ്പരപ്പെടുത്തുന്നതായിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ തനിക്ക് സൗഭാ​ഗ്യമായി കിട്ടിയ മകൾ ഇനിയില്ലെന്ന് അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കിക്കാൻ നാട്ടുകാരും ബന്ധുക്കളും ഏറെ കഷ്ടപ്പെട്ടു.

വിവാഹം കഴിഞ്ഞ് അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രദീപ് കുമാർ-ധന്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറക്കുന്നത്. ദേവനന്ദ എന്ന് പേരിട്ട അവളെ പ്രദീപും ധന്യയും പൊന്നു എന്നു വിളിച്ചു. മൂന്ന് മാസം മുമ്പാണ് ദേവനന്ദയ്ക്ക് അനിയിയന്‍ പിറന്നത്. ഈ സമയം പ്രദീപ് നാട്ടിലില്ലായിരുന്നു. ഒടുവില്‍ മൂന്ന് മാസം മുമ്പ് പിറന്ന തന്റെ മകനെ പ്രദീപ് ആദ്യമായി കണ്ടതും കാത്തിരുന്നു കിട്ടിയ പൊന്നോമനയെ അവസാനമായി കണ്ടതും ഒരേദിവസം. പ്രദീപ് തന്റെ പൊന്നോമ്മനയുടെ നെറ്റിയിൽ അവസാനമായി തലോടി, മൗനമായി യാത്ര പറയുകയും ചെയ്തു. തന്റെ കയ്യരികിൽനിന്ന് മാഞ്ഞുപ്പോയ മകളെ ഓർത്ത് കരഞ്ഞു തളർന്ന ധന്യ മുറിയിൽ കിടക്കുകയായിരുന്നു.  വല്ലാത്തൊരു വിങ്ങലോടെയാണ് നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ് ഭവനില്‍ ആ കാഴച ദേവനന്ദനയെ ഒരുനോക്ക് കാണാനെത്തിയവര്‍ കണ്ടത്.

Read More: പൊന്നുവിനായി പറന്നെത്തി അച്ഛന്‍: പക്ഷേ കാത്തിരുന്നത് കരള്‍ പിളര്‍ക്കും കാഴ്‍ച

ദേവനന്ദ പിറന്നതിനുശേഷം ഏഴു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മകൻ പിറക്കുന്നത്. അവധി കഴിഞ്ഞ് 10 മാസം മുൻപ് ഒമാനിലേക്ക് പോയ പ്രദീപ് മകനെ കാണാൻ കൈനിറയെ കളിപ്പാട്ടങ്ങളുമായി എത്താനിരുന്നതാണ്. ഒടുവിൽ, നിറകണ്ണും വെറുംകയ്യുമായി എത്തിയ പ്രദീപിനെ കാത്തിരുന്നതു മകളുടെ ചേതനയറ്റ ശരീരം. ദേവനന്ദയെ കാണാതായെന്ന് അറിഞ്ഞിരുന്നെങ്കിലും വീട്ടിൽ വരുന്നതു വരെ പ്രദീപിന് പ്രതീക്ഷ ഉണ്ടായിരുന്നു. താൻ ദിവസവും രാവിലെ എട്ടുമണി കഴിയുമ്പോൾ‌ വീട്ടിലേക്കു വിളിക്കാറുണ്ടെന്നും മകളുമായി സംസാരിക്കാറുണ്ടെന്നും പ്രദീപ് പറയുന്നു. പറയുന്നതെല്ലാം അവൾ അനുസരിക്കാറുണ്ട്. കളിക്കാൻപോലും വീട്ടിൽ നിന്നു പുറത്തുപോകാറില്ല. കുട്ടികളെ വീട്ടിലേക്കു വിളിച്ചു വരുത്തിയാണു കളിക്കുന്നതെന്നും പ്രദീപ് ഓർത്തെടുക്കുന്നു.

മകളെ കാണാതായ വ്യാഴാഴ്ച രാവിലെയും വിളിച്ചിരുന്നു. അപ്പോൾ അവൾ ഉറക്കം എഴുന്നേറ്റിരുന്നില്ല. തലേന്ന് സ്കൂൾ വാർഷികത്തിന് നൃത്തം ചെയ്തതിന്റെ ക്ഷീണത്തിൽ ഉറങ്ങുകയായിരുന്നു. പത്തരയോടെ വീണ്ടും വിളിച്ചപ്പോൾ അവൾ അമ്പലത്തിൽ പോയെന്ന് പറഞ്ഞു. ഖത്തറിൽ ജോലി ചെയ്യുന്ന ഭാര്യാ സഹോദരനാണ് മകളെ കാണാനില്ലെന്ന വിവരം തന്നെ അറിയിക്കുന്നത്. തനിക്ക് വിഷമമാകുമെന്ന് കരുതിയാണ് ദേവനന്ദ അമ്പലത്തിൽ പോയെന്ന് പറഞ്ഞതെന്ന് ബന്ധുക്കൾ പിന്നീട് പറഞ്ഞിരുന്നതായും പ്രദീപ് കൂട്ടിച്ചേർത്തു.

Read More: കാത്തിരിപ്പ് വിഫലം; കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

വ്യാഴാഴ്ച രാവിലെ മകനെ ഉറക്കിയ ശേഷം ധന്യ തുണി അലക്കനായി വീടിന് പുറത്തേക്കിറങ്ങി. ഈ സമയം വീടിന് മുന്‍വശത്തെ ഹാളിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. തുണിയലക്കുന്ന ധന്യയുടെ അടുത്തേക്ക് ദേവനന്ദ വന്നെങ്കിലും ഉറങ്ങി കിടക്കുന്ന അനിയന് കൂട്ടിരിക്കാനായി കുഞ്ഞിനെ ധന്യ വീടിനകത്തേക്ക് പറഞ്ഞു വിടുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിന്റെ ഭാ​ഗമായി ദേവനന്ദ ഇന്നലെ സ്കൂളിൽ നിന്ന് അവധിയെടുത്തിരുന്നു.അലക്കി കഴിഞ്ഞ് അകത്ത് വന്ന് നോക്കിയപ്പോഴാണ് മകളെ കാണാതായ വിവരം അറിയുന്നത്.

Read More: പ്രാര്‍ത്ഥനയോടെ കേരളം കാത്തിരുന്ന 21 മണിക്കൂറുകള്‍: ഒടുവില്‍ ദുരന്തവാര്‍ത്ത

കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങളും തിരച്ചില്‍ നടത്തുകയായിരുന്നു.  


Read More: ഇനി 'കണ്ണീരോർമ്മ'; ദേവനന്ദയ്ക്ക് കേരളത്തിന്റെ ബാഷ്‌പാഞ്ജലി

click me!