
കൊച്ചി: ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം നടന്നിട്ട് എഴുപതാണ്ട് തികഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 1950 ലായിരുന്നു ആക്രമണം. അന്നത്തെ, ആക്രമണത്തിൽ പങ്കെടുത്തവരും, ഇരകളുടെ ബന്ധുക്കളും കൊച്ചിയിൽ ഒത്തുചേർന്നു
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തതിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് എം എം ലോറൻസ്. 1950 ഫെബ്രുവരി 28 നായിരുന്നു സംഭവം. റെയിൽവേ തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട് പോണേക്കരയിൽ രഹസ്യയോഗം ചേരുന്നതിനിടെയണ് തൊഴിലാളി യൂണിയൻ നേതാക്കളായ എൻ കെ മാധവനെയും വറീതുകുട്ടിയെയും പൊലീസ് അറസ്റ്റു ചെയ്തതായി വിവരം ലഭിച്ചത്. ഇവരെ രക്ഷിക്കാനായി പതിനഞ്ചു മിനിറ്റ് നീണ്ട സ്റ്റേഷൻ ആക്രമണം ആസൂത്രണം ചെയ്ത് 17 അംഗ സംഘമെത്തി.
ആക്രമണത്തിൽ വെട്ടേറ്റ് പൊലീസുകാരായ വേലയുധനും കെ ജെ മാത്യുവും മരിച്ചു. തുടർന്ന് മുപ്പതിലധികം പേരെ പൊലീസ് പിടികൂടി. സ്റ്റേഷനിൽ വച്ച് മാസങ്ങളോളം കൊടിയ മർദ്ദനമാണ് ഇവർക്ക് ഏൽക്കേണ്ടി വന്നതെന്ന് മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് വിവരിച്ചു.
കൊൽക്കത്ത തീസീസിലൂടെ സായുധ വിപ്ലവത്തെ പാർട്ടി അംഗീകരിച്ച കാലമായിരുന്നു അത്. എന്നാൽ പിന്നീട് ഇതിനെ പാർട്ടി തന്നെ തള്ളികളഞ്ഞു. ആക്രമണത്തിൻറെ എഴുപതാം വാർഷികത്തിൽ കൊച്ചിയിൽ നടന്ന പരിപാടിയിൽ കൊല്ലപ്പെട്ട പൊലീസുകാരായ മാത്യുവിന്‍റെ മകൻ ജോസ് കെ മാത്യുവും വേലായുധന്‍റെ മകൾ റീതയും എത്തി. കേസിൽ അറസ്റ്റിലായ എൻ കെ മാധവന്‍റെ മകൻ എൻ എം പിയേഴ്സൺ ഉൾപ്പെടെയുള്ളവരും ചടങ്ങിൽ സംബന്ധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam