
കൊല്ലം: ദേവനന്ദയെന്ന ആറ് വയസ്സുകാരി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായിട്ട് ഒരുപകലും രാത്രിയും പിന്നിടുന്നു. കുഞ്ഞിന് വേണ്ടി കേരളം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. മുഴുവന്‍ സന്നാഹങ്ങളും ഉപയോഗിച്ചാണ് പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുന്നത്. ഒപ്പം നാട്ടുകാരുമുണ്ട്. ഇത്രയും വ്യാപകമായി തിരച്ചില്‍ നടത്തിയിട്ടും കുഞ്ഞിനെക്കുറിച്ച് സൂചനയൊന്നും ലഭിക്കാത്തത് ആശങ്കപ്പെടുത്തുന്നു. കുഞ്ഞ് തിരിച്ചുവരാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് എല്ലാവരും.
സമൂഹമാധ്യമങ്ങളില്‍ ദേവനന്ദയുടെ ലുക്ക് ഔട്ട് നോട്ടീസ് ലക്ഷങ്ങളാണ് ഷെയര്‍ ചെയ്യപ്പെട്ടത്. സിനിമാ താരങ്ങളായ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ കുഞ്ഞിനെ തിരികെ കിട്ടുന്നതിനായി ഫോട്ടോ ഷെയര്‍ ചെയ്തു. പൊലീസിന്‍റെ വാഹനപരിശോധനയടക്കമുള്ള എല്ലാ കാര്യങ്ങള്‍ക്കും ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട്.
പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്ന് സ്കൂളിൽ നിന്ന് അവധിയെടുത്തത്. തുണി അലക്ക് കഴിഞ്ഞ് അമ്മ ധന്യ തിരികെയെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനുണ്ടായിരുന്നില്ല. ആദ്യം സമീപത്ത് തിരഞ്ഞെങ്കിലും കുഞ്ഞിന്‍റെ മറുപടിയൊന്നും ലഭിച്ചില്ല. അടച്ചിട്ടിരുന്ന കതക് തിരികെയെത്തുമ്പോള്‍ പാതി തുറന്ന് കിടക്കുകയായിരുന്നുവെന്ന് അമ്മ പൊലീസിനോട് പറഞ്ഞു.
പൊലീസും ഫയര്‍ഫോഴ്സും രണ്ടാം ദിവസവും തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്. ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സംസ്ഥാന അതിർത്തികളിലും പൊലീസ്‍ തിരച്ചില്‍ തുടരുകയാണ്. വാഹന പരിശോധനയും നടത്തുന്നുണ്ട്. അതിനിടെ, ബാലാവകാശ കമ്മീഷൻ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. കുട്ടിയുടെ വീടിന് സമീപത്തെ പള്ളിക്കലാറില്‍ രാത്രിയും തിരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയിരുന്നു. പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. വിവിധ നിലയങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.
കുഞ്ഞിനെ കണാതായ സംഭവത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കുഞ്ഞിനെ തിരികെ ലഭിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. കുട്ടിയെ തിരികെ ലഭിക്കുന്നതിനായി അന്വേഷണം ഊർജിതമാണെന്ന് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ഇത്ര അന്വേഷിച്ചിട്ടും കുഞ്ഞിനെ കുറിച്ചുള്ള വിവരം ലഭിക്കാത്തത് ദുരൂഹമാണെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam