
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലില്‍ അടിയന്തരമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം. ജോളിയുടെ ആത്മഹത്യാ ശ്രമത്തിന്‍റെ പശ്ചാത്തലത്തില്‍ വടക്കന്‍ മേഖലാ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. അതേസമയം, ജോളി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ജയിലിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലില്‍ നൈറ്റ് വിഷന്‍ സംവിധാനമുള്ള ഹൈ ക്വാളിറ്റി ക്യാമറ സ്ഥാപിക്കണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം. ഈ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് മാത്രം നിരീക്ഷിക്കാനാവുന്ന സംവിധാനമാണ് ഒരുക്കേണ്ടത്. എത്രയും വേഗം ക്യാമറ സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോളിയുടെ ആത്മഹത്യാ ശ്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ജയില്‍ ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണം നടന്നത്. വടക്കന്‍ മേഖലാ ജയില്‍ ഡിഐജി വിനോദ് കുമാറാണ് അന്വേഷണം നടത്തിയത്. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
ജയിലില്‍ ജോളിയുടെ നിരീക്ഷണത്തിനായി ഒരു ഉദ്യോഗസ്ഥയെക്കൂടി കൂടുതലായി ഡ്യൂട്ടിക്ക് നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാത്രിയില്‍ ഇപ്പോഴുള്ള രണ്ട് പേര്‍ക്ക് പകരം മൂന്ന് പേരെ ഇനി മുതല്‍ ഡ്യൂട്ടിക്ക് നിയോഗിക്കും. ജോളിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് ജയിലില്‍ സുരക്ഷാ വീഴ്ചയില്ലെന്നാണ് വടക്കന്‍ മേഖലാ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. കൃത്യ സമയത്ത് തന്നെ ഉദ്യോഗസ്ഥര്‍ കണ്ടതിനാലാണ് അത്യാഹിതം ഒഴിവായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അതേസമയം ജോളി ആത്മഹത്യക്ക് ശ്രമിച്ചതില്‍ കൂടത്തായി കൊലപാതക അന്വേഷണ സംഘം അതൃപ്തിയിലാണ്. ജോളി ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്നും പ്രത്യേക നിരീക്ഷണം വേണമെന്നും കാണിച്ച് അന്വേഷണ തലവനായ കെ.ജി സൈമണ് നേരത്തെ തന്നെ ജയില്‍ സൂപ്രണ്ടിന് കത്ത് നല്‍കിയിരുന്നു. ഇത് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ പരാതി.
Also Read: 'ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയം'; ഇനിയും ആത്മഹത്യാശ്രമത്തിന് സാധ്യതയെന്ന് ഡോക്ടര്‍മാര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam