
തിരുവനന്തപുരം: പ്രളയത്തിൽ വീട് തകർന്നവർക്ക് ആയിരം വീടുകൾ പുനർനിർമ്മിച്ച് നൽകുമെന്ന വാഗ്‍ദാനത്തിൽ വീണ്ടും മലക്കം മറിഞ്ഞ് കെപിസിസി. 371 വീടുകളാണ് പൂർത്തിയാക്കുകയെന്ന് മുൻ കെപിസിസി പ്രസിന്‍റ് എംഎം. ഹസൻ വിശദീകരിച്ചു.അഞ്ഞൂറ് വീടെങ്കിലും നിർമ്മിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിശദീകരിച്ചത്.
അമ്പത് കോടി ചെലവിലായിരുന്നു ആയിരം വീട് നിർമ്മിക്കാൻ കെപിസിസി ലക്ഷ്യമിട്ടത്. ഓരോ മണ്ഡലം കമ്മിറ്റിയും അഞ്ച് ലക്ഷം രൂപ പിരിച്ചു നൽകാനായിരുന്നു അന്ന് കെപിസിസി അധ്യക്ഷനായിരുന്ന എംഎം ഹസൻ നിർദ്ദേശിച്ചത്. പ്രഖ്യാപനം നടത്തിയ ഹസ്സൻ മാറി മുല്ലപ്പള്ളി അധ്യക്ഷനായി. പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പും വന്നു. തെരഞ്ഞെടുപ്പ് ഫണ്ട് പിരിവും വീട് നിർമ്മിക്കാനുള്ള ഫണ്ട് കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകളും കമ്മിറ്റികൾ അറിയിച്ചതോടെയാണ് കെപിസിസി ലക്ഷ്യം പാളിയത്.
ആയിരം വീട് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാൻ മുല്ലപ്പള്ളി വേണ്ടരീതിയിൽ ശ്രമിച്ചില്ലെന്ന പരാതി ഹസ്സൻ അനുകൂലികൾക്കുണ്ട്. ഭവന നിർമ്മാണങ്ങൾക്കായി മൂന്നരക്കോടി രൂപയാണ് ഇതുവരെ പാർട്ടിക്ക് കിട്ടിയത്. പ്രളയാനന്തര പുനർനിർമാണത്തിലെ വീഴ്ചയിൽ സർക്കാരിനെ വിമർശിക്കുമ്പോഴാണ് കെപിസിസിയും മുൻ പ്രഖ്യാപനത്തിൽ നിന്നും പിന്നോട്ട് പോയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam