ലോക്ക്ഡൗൺ:എസ് പി യതീഷ്ചന്ദ്ര ഏത്തമിടീപ്പിച്ച സംഭവം; ഡിജിപി വിശദീകരണം തേടി

By Web TeamFirst Published Mar 28, 2020, 5:16 PM IST
Highlights

ആളുകൾ പുറത്തിറങ്ങാതിരിക്കാൻ വേണ്ടിയാണ് താൻ അത്തരമൊരു നടപടി സ്വകീരിച്ചതെന്നാണ് യതീഷ് ചന്ദ്ര പറയുന്നത്. അദ്ദേഹത്തിന്റെ സംഘത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ആളുകളെ ഏത്തമിടീപ്പിക്കുന്ന വിഡിയോ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടത്.

കണ്ണൂർ: ലോക്ക്ഡൗൺ സമയത്ത് പുറത്തിറങ്ങിയവരെക്കൊണ്ട് ഏത്തമിടീപ്പിച്ച സംഭവത്തിൽ ഡിജിപി ലോക്‌നാഥ് ബഹ്‌റ കണ്ണൂർ എസ് പി യതീഷ് ചന്ദ്രയോട് വിശദീകരണം ചോദിച്ചു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ആളുകൾ ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ചതുകൊണ്ടാണ് ഏത്തമിടീപ്പിച്ചതെന്നാണ് യതീഷ് ചന്ദ്രയുടെ പ്രതികരണം. മര്യാദയോടെ കാര്യങ്ങൾ പറയുമ്പോൾ ആളുകൾ അനുസരിക്കാൻ തയ്യാറാകുന്നില്ലെന്നും യതീഷ് ചന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ആളുകൾ പുറത്തിറങ്ങാതിരിക്കാൻ വേണ്ടിയാണ് താൻ അത്തരമൊരു നടപടി സ്വകീരിച്ചതെന്നാണ് യതീഷ് ചന്ദ്ര പറയുന്നത്. അദ്ദേഹത്തിന്റെ സംഘത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ആളുകളെ ഏത്തമിടീപ്പിക്കുന്ന വിഡിയോ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടത്.

കണ്ണൂർ അഴീക്കലിലായിരുന്നു ഇന്ന് സംഭവം നടന്നത്. 

വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തിൽ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് അഴീക്കലിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ശിക്ഷാ നടപടി എടുത്തത്. 

ലോക്ക് ഡൗൺ ലംഘിക്കുന്നവരായാൽ പോലും മാന്യമായ ഇടപെടൽ വേണമെന്ന് പൊലീസിന് കര്‍ശ നിര്‍ദ്ദേശം നിലനിൽക്കെയാണ് യതീഷ് ചന്ദ്ര ഏത്തമിടീക്കൽ പോലുള്ള ശിക്ഷാ നടപടിക്ക് മുതിര്‍ന്നത് . എസ്പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.

Read Also: ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി ; മൂന്ന് പേരെ ഏത്തമിടീച്ച് യതീഷ് ചന്ദ്ര...

 

click me!