
തിരുവനന്തപുരം: വലിയ പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാവുന്ന പരമാവധി ആള്‍ക്കാരുടെ എണ്ണം 40 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പൊലീസ് മേധാവിമാരും സബ്ബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ഭക്തര്‍ സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇത് ഉപകരിക്കും.
കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേകശ്രദ്ധ നല്‍കാനും നിര്‍ദ്ദേശമുണ്ട്. കച്ചവടക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് രോഗവ്യാപനത്തിന്‍റെ സാധ്യത പൂര്‍ണ്ണമായും ഇല്ലാതാക്കണം. സി, ഡി വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് അനൗണ്‍സ്മെന്‍റ് നടത്തും. ഇക്കാര്യം ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ പരമാവധി വിനിയോഗിക്കും. സന്നദ്ധസംഘടനകളുടെ സഹകരണവും ഇതിനായി വിനിയോഗിക്കും. ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, വനിതാ മോട്ടോര്‍സൈക്കിള്‍ പട്രോള്‍ എന്നീ യൂണിറ്റുകള്‍ സദാസമയവും നിരത്തിലുണ്ടാകും. മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഇതിനായി വിനിയോഗിക്കുമെന്നും പൊലീസ് മേധാവി അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam