തൃശൂരിലെ കസ്റ്റഡി മർദനത്തിൽ പ്രതികരണവുമായി ഡിജിപി റവാഡാ ചന്ദ്രശേഖർ; 'പൊലീസ് സ്റ്റേഷനിൽ നല്ല സമീപനം ഉണ്ടാകണം, കടുത്ത നടപടി ഉണ്ടാകും'

Published : Sep 05, 2025, 09:17 AM ISTUpdated : Sep 05, 2025, 09:22 AM IST
ravada chandrashekhar

Synopsis

തൃശൂരിലെ കസ്റ്റഡി മർദനത്തിൽ പ്രതികരണവുമായി ഡിജിപി റവാഡാ ചന്ദ്രശേഖർ

തിരുവനന്തപുരം: തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺ​ഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി ഡിജിപി റവാഡാ ചന്ദ്രശേഖർ. കസ്റ്റഡി മർദനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് റവാഡാ ചന്ദ്രശേഖർ പറഞ്ഞു. സംഭവത്തിൽ കടുത്ത നടപടി ഉണ്ടാകും. ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്തും. വീഴ്ച്ച വന്നാൽ കടുത്ത നടപടിയെടുക്കുമെന്നും ഡിജിപി പറഞ്ഞു. തിരുവോണ നാളിൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് റവാഡാ ചന്ദ്രശേഖറിൻ്റെ പ്രതികരണം.

സംഭവത്തിൽ കർശന നടപടി ഉറപ്പാണ്. പൊലീസ് സ്റ്റേഷനിൽ നല്ല സമീപനം ഉണ്ടാകണം. മൃദുഭാവേ ദൃഢ കൃത്യ എന്ന ആപ്തവാക്യം സൂക്ഷിക്കണമെന്നും ഡിജിപി പറഞ്ഞു. അതേസമയം, കുന്നംകുളത്തെ പൊലീസ് ക്രൂരതയിൽ തിരുവോണനാളിലും പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസിൻ്റെ തീരുമാനം. പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് തൃശൂർ ഡിഐജി ഓഫീസിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. മർദനമേറ്റ സുജിത്തിനെ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നെത്തും. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കണ്ണില്ലാത്ത ക്രൂരത നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നും ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ തൃശൂർ ‍ഡിഐജി ഹരിശങ്കർ ഡിജിപിക്കു റിപ്പോർട്ട്‌ നൽകിയിരുന്നു. ക്രൂരമർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിലായിരുന്നു നടപടി. പരാതി ഉയർന്ന അന്ന് തന്നെ നടപടി എടുത്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നാലു ഉദ്യോഗസ്ഥർക്കും രണ്ട് വർഷത്തെ ഇൻക്രിമെന്റ് കട്ട് ചെയ്യുകയും സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റുകയും ചെയ്തു എന്നാണ് റിപ്പോർട്ടിലുള്ളത്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ഉള്ളൂ എന്ന് റിപ്പോർട്ടിൽ പറയുന്നു. കോടതിയും ആ കേസ് മാത്രമാണ് എടുത്തത്. റിപ്പോർട്ടിൽ കൂടുതൽ നടപടിക്ക് ശുപാർശ ഇല്ല. നിലവിൽ കുന്നംകുളം കോടതി നേരിട്ട് കേസ് അന്വേഷിക്കുകയാണ്. കോടതി ഉത്തരവ് വന്ന ശേഷം തുടർ നടപടി ആകാമെന്നാണ് റിപ്പോർട്ടിലുള്ളത്.

പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് യുവാവിന് ക്രൂരമര്‍ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റാണ് സുജിത്ത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ മോഷണശ്രമം; സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്‌
മാസം 1000 രൂപ, 18 - 30 വയസുള്ളവർക്ക് കേരളത്തിൻ്റെ സ്വന്തം 'കണക്ട് ടു വർക്ക്' സ്കോളർഷിപ്പ്; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി