
കൊച്ചി: പുറത്ത് നിന്നെത്തിയവർ കോളേജ് പരിസരത്ത് എത്തിയതിനെ തുടർന്നുണ്ടായ സംഘർഷമാണ് ധീരജിന്‍റെ കൊലപാതകത്തിൽ (Dheeraj Murder) കലാശിച്ചത്. പുറത്ത് നിന്നുള്ളവർ എത്തിയത് എസ്എഫ്ഐ (SFI) പ്രവർത്തകർ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. രണ്ട് പേരെയും കുത്തിയത് നിഖിൽ പൈലി തന്നെയാണ്.
മറ്റൊരു അടിപിടി കേസിൽ ജീവിന് ഭീഷണിയുള്ളതിനാലാണ് നിഖിൽ പൈലി കത്തി കയ്യിൽ കരുതിയിരുന്നത് എന്നാണ് സൂചന. നിഖിലിന്‍റെ കൂടെയുണ്ടായിരുന്നവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ധീരജിന്‍റെ മരണ കാരണം ഹൃദയത്തിന് ഏറ്റ ആഴത്തിലുള്ള മുറിവാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുത്തിൽ ഹൃദയത്തിന്‍റെ അറ തകർന്നു.
ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്. ശരീരത്തിൽ മർദ്ദനത്തിലേറ്റ ചതവുകളുമുണ്ടെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലുണ്ട്.
Read More : മരണകാരണം ധീരജിന്റെ നെഞ്ചിൽ ആഴത്തിലേറ്റ കുത്ത്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളേജ് പരിസരത്ത് എത്തിയതെന്നാണ് നിഖിൽ പോലീസിനോട് പറഞ്ഞത്. എസ്എഫ്ഐക്കാർ മർദിച്ചപ്പോഴാണ് കുത്തിയതെന്നാണ് വിശദീകരണം. പേനാക്കത്തി കരുതിയത് സ്വരക്ഷയ്ക്ക് ആണെന്നുമാണ് പ്രതിയുടെ മൊഴി. പുറത്തു നിന്ന് ആരും ക്യാംപസില്‍ കയറിയിട്ടില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കങ്ങള്‍ മാത്രമാണുണ്ടായതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയുടേയും ജെറിന് ജോജോയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ധീരജിനെ കുത്തിയ ശേഷം പ്രതി ഉപേക്ഷിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമവും സംഘം ചേര്‍ന്നതുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam