
തിരുവനന്തപുരം : കിട്ടാനുള്ള കുടിശികയുടെ പേരിൽ വെള്ളക്കരം കൂട്ടി ജനത്തിന്റെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുമ്പോൾ, സർക്കാർ വകുപ്പുകൾ വാട്ടർ അതോറിറ്റിക്ക് ഇനിയും നൽകാനുള്ളത് കോടികളുടെ കുടിശിക. 228 കോടി രൂപയാണ് വിവിധ സർക്കാർ വകുപ്പുകൾ ബില്ലിനത്തിൽ നൽകാനുള്ളത്. കുടിശിക നിവാരണത്തിനുള്ള ആംനസ്റ്റി പദ്ധതി വഴി നാൽപ്പത് കോടി രൂപ പൂർണമായി പിരിച്ചെടുത്തപ്പോൾ 311 കോടി രൂപയുടെ കുടിശിക എഴുതിത്തള്ളി. കുടിശിക പൂർണമായി പിരിച്ചെടുക്കാൻ കഴിയാതെയാണ് കടത്തിന്റെ പേരിൽ വെള്ളക്കര വർധനവിനുള്ള നീക്കം.
വാട്ടർ അതോറിറ്റിക്ക് കുടിശിക തീർത്ത് നൽകാനുള്ളതിൽ മുന്നിൽ ആരോഗ്യവകുപ്പാണ്. 127 കോടി രൂപയിലധികമാണ് നൽകാനുള്ളത്. ഇത് സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഉപയോഗിച്ച വെള്ളത്തിന്റെ തുകയാണ്. പൊതുമരാമത്ത് വകുപ്പ് 24 കോടി. വിദ്യാഭ്യാസവകുപ്പ് നൽകാനുള്ളത് 13 കോടി രൂപയുടെ കുടിശികയാണ്. വനംവകുപ്പും നൽകാനുണ്ട് 11 കോടിയോളം. മുനിസിപ്പാലിറ്റികൾ മാത്രം 14 കോടി 35 ലക്ഷം രൂപ നൽകാനുണ്ട്. പഞ്ചായത്തുകൾ 12 കോടി 21 ലക്ഷം. വാട്ടർ അതോറിറ്റിയെ നയിക്കുന്ന ജലസേചന വകുപ്പിനുമുണ്ട് വാട്ടർ അതോറിറ്റിയിൽ കുടിശിക. 92 ലക്ഷം രൂപ. പൊലീസ് ആസ്ഥാനത്ത് നിന്ന് വകുപ്പിന് കിട്ടാനുള്ളത് 6 കോടി രൂപയിലധികമാണ്. കോടതികളും പണം നൽകാനുമുണ്ട് . ജുഡിഷ്യറിയുടെ കുടിശിക 1 കോടി 62 ലക്ഷമാണ്.
കുടിശിക പിരിച്ചെടുക്കാനുള്ള തീവ്രയജ്ഞമായ ആംംനസ്റ്റി പദ്ധതി കൊണ്ടുവന്നതിന് ശേഷമാണ് കുടിശിക ഇത്രയെങ്കിലും കുറഞ്ഞത്. കുടിസിക നിവാരണ പദ്ധതി കൊണ്ടു വന്നിട്ടും തദ്ദേശ വകുപ്പുകൾ നൽകാനുള്ള കുടിശിക ഉയരുകയാണ് ചെയ്തത്. 16 കോടിയിൽ നിന്ന് 26 കോടിയായി. ഏറ്റവും കുറവ് കുടിശികയുള്ളത് സിവിൽ സപ്ലൈസിന്. ഒരു ലക്ഷത്തി പതിനേഴായിരം രൂപ മാത്രം. ആംനസ്റ്റി പദ്ധതി വഴി ജൂലൈ മാസം മുതൽ കുടിശിക പിരിക്കാൻ നിശ്ചയിച്ചത് 742 കോടി രൂപയായിരുന്നു. ഇതിൽ 40 കോടി പൂർണമായി പിരിച്ചു. 112 കോടി രൂപ വിവിധ തവണകളാക്കി അടയ്ക്കാൻ നിർദേശം നൽകി. 311 കോടി തർക്കങ്ങൾ തീർപ്പാക്കി എഴുതിത്തള്ളി. സമീപകാല കണക്കുകളിൽ കഴിഞ്ഞ വർഷമാണ് വാട്ടർ അതോറിറ്റിക്ക് കണക്കുകളിൽ വലിയ നഷ്ടമുണ്ടായ വർഷം. 2048 കോടി രൂപ ചെലവായപ്പോൾ വരുമാനം വന്നത് 1519 മാത്രം. 592 കോടിയുടെ കുറവ്. ഇതുകൂടി ചേർന്നാണ് വെള്ളക്കരമായി ജനങ്ങളിലേക്ക് വരാൻ പോകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam