'തസ്തികയൊന്ന് ശമ്പളം പലത്', സാക്ഷരതാ മിഷൻ കോഡിനേറ്റർമാർക്ക് അനർഹശമ്പളം; തിരുത്താതെ ധനവകുപ്പ്

By Web TeamFirst Published Jul 31, 2020, 10:27 AM IST
Highlights

കോര്‍ഡിനേറ്റര്‍മാര്‍ അനര്‍ഹ ശമ്പളം വാങ്ങുമ്പോഴും സാക്ഷരതാ പ്രേരക്മാരുടെ ശമ്പളം മാസങ്ങളായി മുടങ്ങിക്കിടക്കുയാണ്. ആക്ഷേപങ്ങൾ ശക്തമായിട്ടും തിരുത്തൽ നടപടിക്ക് ധനവകുപ്പ് തയ്യാറായിട്ടില്ല.

തിരുവനന്തപുരം: സാക്ഷരതാ മിഷനിലെ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് ധനവകുപ്പ് അനര്‍ഹ ശമ്പള വര്‍ധനവ് നടപ്പാക്കിയത് മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ സമാന തസ്തികയിലെ ശമ്പള സ്കെയില്‍ പോലും പരിഗണിക്കാതെ. ആക്ഷേപങ്ങൾ ശക്തമായിട്ടും തിരുത്തൽ നടപടിക്ക് ധനവകുപ്പ് തയ്യാറായിട്ടില്ല. കോര്‍ഡിനേറ്റര്‍മാര്‍ അനര്‍ഹ ശമ്പളം വാങ്ങുമ്പോഴും സാക്ഷരതാ പ്രേരക്മാരുടെ ശമ്പളം മാസങ്ങളായി മുടങ്ങിക്കിടക്കുയാണ്.

ബിരുദാനന്തര ബിരുദമാണ് സാക്ഷരതാ മിഷനിലെ ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ വിദ്യാഭ്യാസ യോഗ്യത. മറ്റൊരു സര്‍ക്കാര്‍ സ്ഥാപനമായ സാമൂഹ്യ സുരക്ഷാ മിഷനില്‍ ജില്ലാ കോര്‍ഡിനേറ്ററാവാന്‍ വേണ്ടത് എംഎസ്ഡബ്ലു. ജൈവവൈവിധ്യ ബോര്‍ഡിലാകട്ടെ എംഎസ്സി ബിരുദവും.  യോഗ്യതയുടെ കാര്യത്തിലും തസ്തികയുടെ കാര്യത്തിലും സമാനതകള്‍ ഏറെയുണ്ടെങ്കിലും ശമ്പളത്തിന്‍റെ കാര്യം വരുമ്പോള്‍ സാക്ഷരതാ മിഷനിലെ ജില്ലാ കോര്‍ഡിനേറ്റര്‍മാരോടാണ് സര്‍ക്കാരിന്‍റെ കരുതലത്രയും. മൂന്നു തസ്തികകളിലെയും ശമ്പള സ്കെയിൽ ഇക്കാര്യം വ്യക്തമാക്കുന്നു. 

സുപ്രീംകോടതി നിർദേശം അട്ടിമറിച്ച് സംസ്ഥാന സാക്ഷരതാ മിഷനിൽ ശമ്പളധൂർത്ത്

ജൈവ വൈവിധ്യ ബോര്‍ഡിലെ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് കിട്ടുന്ന ശമ്പളം പ്രതിമാസം 20,000 രൂപയാണ്. സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് കിട്ടുന്നത് 23,565 രൂപയും. പക്ഷേ സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് പ്രതിമാസം ഇപ്പോള്‍ സര്‍ക്കാര്‍ കൊടുക്കുന്നത് 42,305 രൂപ. എന്നു വച്ചാല്‍ ഒരേ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ ഏതാണ്ട് 18000 രൂപ മുതല്‍22,000 രൂപയുടെ വരെ വ്യത്യാസം. ഇഷ്ടക്കാര്‍ക്കു വേണ്ടി ഈ അധികച്ചെലവൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് ധനവകുപ്പ്. ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ ഇങ്ങനെ അനര്‍ഹമായ ശമ്പളം കൃത്യമായി കൈപ്പറ്റുമ്പോഴും താഴെ തട്ടില്‍ സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന രണ്ടായിരത്തോളം പ്രേരകുമാര്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുന്ന സ്ഥിതിയുമാണ്.

സാക്ഷരതാ മിഷനിൽ ശമ്പള ധൂര്‍ത്ത്, സിപിഎം സഹയാത്രികര്‍ക്കായി ഉയര്‍ന്ന ശമ്പളം


 

click me!