തിരുവനന്തപുരം: സിപിഎം സഹയാത്രികരായ താല്‍ക്കാലിക ജീവനക്കാര്‍ക്കായി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ധനവകുപ്പിന്‍റെ ധൂര്‍ത്ത്. സംസ്ഥാന സാക്ഷരതാ മിഷനിലാണ് ചെയ്യാത്ത ജോലിക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്ന വിചിത്ര നടപടി. കരാര്‍ ജീവനക്കാര്‍ക്കായി മൂന്നു വര്‍ഷത്തിനിടെ ഖജനാവില്‍ നിന്ന് ഇങ്ങനെ ചെലവിട്ടത് എട്ട് കോടിയിലേറെ രൂപയാണ്. 

സംസ്ഥാന സാക്ഷരതാ മിഷനിലെ കരാര്‍ ജീവനക്കാരായ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്കും അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാര്‍ക്കുമാണ് സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ ശമ്പളം വാരിക്കോരി കൊടുത്തുകൊണ്ടേയിരിക്കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ മാത്രമായ 14 ജില്ലാ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍ മാസം വാങ്ങുന്നത് 42,305 രൂപ വീതം. 36 അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് കിട്ടുന്നത് 34,605 രൂപ വീതവും. എന്നു വച്ചാല്‍ സംസ്ഥാനത്തെ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ വാങ്ങുന്ന ശമ്പളം.

കരാര്‍ ജീവനക്കാരായ ജില്ലാ കോര്‍ഡിനേറ്റര്‍മാരും,അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാരും സീനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കു തുല്യതസ്തികയിലാണെന്നാണ് ധനവകുപ്പിന്‍റെ കണ്ടെത്തല്‍. അധ്യാപക യോഗ്യതയേ വേണ്ടാത്തവരും അധ്യാപന ജോലിയേ ചെയ്യാത്തവരുമായ കരാര്‍ ജീവനക്കാർക്കാണ് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുമായി തുലനം ചെയ്ത് ഭീമമായ ശമ്പളമിങ്ങനെ നല്‍കുന്നത്.

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പരിപാടികളുടെ ഏകോപനം മാത്രമാണ് കോര്‍ഡിനേറ്റര്‍മാരുടെ ജോലിയെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. കരാര്‍ ജോലികള്‍ക്കു തുല്യമായ സ്ഥിരം തസ്തികകള്‍ ഏതൊക്കെയെന്നതുമായി ബന്ധപ്പെട്ട് 2016 ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിലും സാക്ഷരതാ മിഷനിലെ കോര്‍ഡിനേറ്റര്‍മാരെയും അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരെയും പറ്റി ഒരക്ഷരം പറഞ്ഞിട്ടില്ല. ഇതൊന്നും പക്ഷേ ധന വകുപ്പിന് ഒരു പ്രശ്നമേ അല്ല. ജില്ലാ കോര്‍ഡിനേറ്റര്‍മാരും അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാരുമായി നിയമിക്കപ്പെട്ടിട്ടുളള താല്‍ക്കാലിക ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും സിപിഎം പ്രവര്‍ത്തകരോ പാര്‍ട്ടി അനുഭാവികളോ ആണെന്നു കൂടി മനസിലാക്കുന്പോഴാണ് പച്ചയായ നിയമലംഘനത്തിനു പിന്നിലെ സ്വജനപക്ഷ താല്‍പര്യം എന്തെന്ന് തെളിയുന്നത്.