
കോട്ടയം: മെഡിക്കൽ കോളേജിൽ കരളിലെ കാൻസർ ചികിത്സയ്ക്കുള്ള ഉപകരണം വാങ്ങാൻ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗമായ ഭിന്നശേഷിക്കാരനായ രോഗി നൽകേണ്ടി വന്നത് എഴുപതിനായിരം രൂപ. ആലപ്പുഴ പള്ളിപ്പാട് സ്വദേശി മത്തായി ബേബിക്കുട്ടിക്കാണ് ഇത്രയും വലിയ തുക സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ചിലവഴിക്കേണ്ടി വന്നത്. കടം വാങ്ങി ഉപകരണം വാങ്ങിയ മത്തായിയുടെ തുടർചികിത്സ അവതാളത്തിലാണ്.
ആലപ്പുഴ പള്ളിപ്പാട് സ്വദേശിയായ മത്തായി ബേബി കുട്ടിയ്ക്ക് വൻ കുടലിലാണ് ആദ്യം ക്യാൻസർ കണ്ടെത്തുന്നത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് വൻ കുടലിന്റെ ഭാഗങ്ങൾ മുറിച്ചു മാറ്റി. അല്പം ആശ്വാസമാകും മുൻപ് തന്നെ കഴിഞ്ഞ നവംബറിൽ കരളിലും ക്യാൻസർ ബാധിച്ചു. കരളിൽ കണ്ടെത്തിയ രണ്ട് മുഴകളിൽ ഒരെണ്ണം കരിച്ചു കളയാൻ സാധിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും അതിനുള്ള ഉപകരണം ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.
ഡോക്ടർമാർ പറഞ്ഞ ഏജന്റിൽ നിന്ന് തന്നെ ശസ്ത്രക്രിയ ഉപകരണം വാങ്ങിയതായി മത്തായി വെളിപ്പെടുത്തി. പ്രോ മൈക്രോവേവ് പ്രോബ് എന്ന ഉപകരണമാണ് വാങ്ങിയത്. 70000 രൂപയായിരുന്നു വില. ബിപിഎൽ വിഭാഗമായിട്ടും ഹെൽത്ത് കാർഡ് ഉണ്ടായിട്ടും പണം നൽകി ഉപകരണം വാങ്ങേണ്ടി വന്നു. എന്നാൽ ചികിത്സ പൂർണമായും സൗജന്യമല്ലേ എന്ന ചോദ്യത്തിന് സർക്കാരിൽ നിന്നും ഫണ്ട് കിട്ടുന്നില്ലെന്നായിരുന്നു മത്തായിക്ക് ലഭിച്ച ഉത്തരം. സാമ്പത്തിക പ്രതിസന്ധി മൂലം രണ്ടാമത്തെ ശസ്ത്രക്രിയ ചെയ്യാതെ നിൽക്കുകയാണ് മത്തായി. തുടർചികിത്സയും പ്രതിസന്ധിയിലാണ്. മുടക്കിയ പൈസ തിരിച്ചുകിട്ടണമെന്നും തുടർ ചികിത്സയ്ക്ക് സഹായവും വേണമെന്നാണ് നിലവിൽ മത്തായിയുടെ ആവശ്യം.