
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത വിദ്യാർത്ഥികളുടെ എണ്ണമെടുത്ത് സൗകര്യങ്ങളൊരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സർക്കാർ നടപടികളിൽ അവ്യക്തത. സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികളുടെ കണക്ക് നാലിനകം തയ്യാറാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിട്ടും ഇതുവരെ അന്തിമകണക്കായില്ല. സൗകര്യങ്ങളൊരുക്കാൻ പൊതുസമൂഹത്തോട് അഭ്യർത്ഥിച്ച മന്ത്രി സർക്കാർ എത്രപേർക്ക് നേരിട്ട് ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് പറയുന്നുമില്ല.
സംസ്ഥാനത്ത് ഡിജിറ്റൽ പഠനസൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികളുടെ ദുരവസ്ഥ- ഈ ക്ലാസിൽ ഹാജരുണ്ടോ അന്വേഷണ പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ട് വന്നിരുന്നു. പ്രശ്നം പരിഹരിക്കുമെന്നായിരുന്നു സർക്കാറിൻറെ ഉറപ്പ്. മൊബൈൽ കണക്ടീീവിറ്റി ഉറപ്പാക്കാൻ മുഖ്യമന്ത്രി സർവ്വീസ് ദാതാക്കളുടെ യോഗം വിളിച്ചു. പ്രശ്നപരിഹാരത്തിനായി ഉദ്യോഗസ്ഥരുൾപ്പെടുന്ന സമിതികളുമുണ്ടാക്കി.
പക്ഷെ എത്രപേർക്ക് സൗകര്യം വേണമെന്നതിൽ ഇപ്പോഴും കൃത്യമായ കണക്കായില്ല. 7 ലക്ഷം പേർക്ക് സൗകര്യങ്ങളില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞപ്പോൾ പ്രാഥമിക കണക്കിൽ 49000 പേർക്ക് സൗകര്യങ്ങളില്ലെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ മറുപടി. നാലിനുള്ളിൽ സ്കൂൾ തല കണക്ക് എടുക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. സ്കൂൾ തുറന്ന് 20 ദിവസം പിന്നിട്ടിട്ടും വിവരശേഖരണം തീർന്നില്ല.സൗകര്യങ്ങളില്ലാത്തവരുടെ എണ്ണം ഏഴ് ലക്ഷത്തിലേറെയുണ്ടാകുമെന്ന സൂചനകൾ എസ്എസ്കെയിൽ നിന്നും ലഭിക്കുന്നു.
അന്തിമകണക്കാകും മുന്‍പേ സൗകര്യങ്ങളില്ലാത്തവർക്ക് അതുറപ്പാക്കാൻ പൊതുജനങ്ങളുടെ സേവനം തേടുകയാണ് സർക്കാർ. രാഷ്ട്രീയപ്പാർട്ടികളും സന്നദ്ധസംഘടനകളും സൂപ്പർതാരങ്ങളുമെല്ലാം രംഗത്തുണ്ട്. പക്ഷെ സർക്കാർ സ്വന്തം നിലക്ക് എത്രപേർക്ക് മൊബൈലും ലാപ് ടോപ്പുമെക്കോ നൽകുമെന്ന് വ്യക്തമാക്കുന്നില്ല.
കെഎസ്എഫ്ഐ വഴി രണ്ട് ലക്ഷം പേർക്ക് ലാപ് ടോപ്പ് നൽകുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം ഇത്തവണയും ആവർത്തിച്ചും. ഈ വർഷം പുതുതായി ആർക്കും ഈ പദ്ധതി വഴി ഇതുവരെ ലാപ് ടോപ് നൽകിയിട്ടുമില്ല. 5000 പേർക്ക് മാത്രമാണ് പദ്ധതിയിൽ നിന്ന് ഇതുവരെ ലാപ്ടോപ്പ് നൽകിയത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam