
തിരുവനന്തപുരം: മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾക്ക് അമർഷം. പിണറായി വിജയന് അനുകൂലമായ വാദം മാസപ്പടി കേസിൽ ഇതുവരെ സ്വീകരിച്ച കോൺഗ്രസിന്‍റെ രാഷ്ട്രീയ ലൈനിനെ ദുർബലമാക്കുമെന്നാണ് മാത്യു കുഴൽ നാടൻ അടക്കമുള്ള നേതാക്കളുടെ വിലയിരുത്തൽ. പിണറായിയുടെ അപ്പീലിനെ ബലപ്പെടുത്തും വിധത്തിലായിരുന്നു ഡിവിഷൻ ബെഞ്ചിലെ സർക്കാർ വാദം. പരാതിക്കാരനെ വരെ സംശയിച്ചുള്ള വാദങ്ങളിലാണ് കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നത്. മാസപ്പടിയിൽ തുടക്കം മുതൽ പിണറായിയെ ലക്ഷ്യമിട്ടാണ് തെരഞ്ഞടുപ്പുകളിലടക്കം കോൺഗ്രസ് കടുത്ത രാഷ്ട്രീയ ആക്രമണം നടത്തിയത്. എന്നാൽ ഇ ഡിയുടെ കത്ത് കിട്ടിയത് മുതൽ തുടങ്ങിയ നിലപാടിൽ വെള്ളം ചേർക്കൽ ഡിവിഷൻ ബെഞ്ചിലെ വാദത്തോടെ കൂടുതൽ പ്രകടമായെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.
കേസെടുക്കാമെന്ന നിയമോപദേശം മാറ്റി പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചത് തന്നെ പലരും സർക്കാറിനെ സംശയിച്ചിരുന്നു. ചാടിക്കയറി കേസെടുത്താൽ ബി ജെ പി കോൺഗ്രസ് ഡീൽ ആക്ഷേപം സി പി എം ശക്തമാക്കുമെന്ന് മുൻകൂട്ടിക്കണ്ടാണ് ആദ്യം അന്വേഷണം എന്നായിരുന്നു സർക്കാറിന്‍റെ വാദം. എന്നാൽ എഫ് ഐ ആർ ഇടാനുള്ള കോടതി ഉത്തരവ് മികച്ച രാഷ്ട്രീയ അവസരമായിരിക്കെ അതും ഉപയോഗിക്കാതെ പിണറായി അനുകൂല നിലപാടെടുത്തെന്നാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ ഉയരുന്ന വിമർശനം. മാത്യു കുഴൽനാടൻ അടക്കമുള്ള നേതാക്കൾക്കാണ് അമർഷം. എന്നാൽ ആദ്യം അന്വേഷണം എന്ന് സിംഗിൾ ബെഞ്ചിൽ എടുത്ത നിലപാട് എങ്ങിനെ ഡിവിഷൻ ബെഞ്ചിൽ തിരുത്തുമെന്ന് വിമർശർക്കുള്ള മറുപടിയായി സർക്കാർ വൃത്തങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ഇപ്പോൾ അന്വേഷണം പിണറായിക്കും റിയാസിനും വീണക്കുമെതിരെ ആണെങ്കിലും നാളെ ഭരണ നിരയിലേക്ക് ഇഡി കടന്ന് വരാനുള്ള അപകടം കൂടി സർക്കാർ കണക്കിലെടുക്കുന്നുണ്ടെന്നാണ് വിവരം. കോടതിയിലെ പിണറായി അനുകൂല സർക്കാർ നിലപാട് ബി ജെ പിക്കുള്ള മികച്ച അവസരമാകുമോ എന്ന ആശങ്കയുമുണ്ട്. കേസെടുക്കാൻ മടിച്ചപ്പോൾ തന്നെ സർക്കാറിനെ നേരിട്ട ബി ജെ പി ഡിവിഷൻ ബെഞ്ചിലെ വാദങ്ങളെ നന്നായി ഉപയോഗിക്കുമെന്ന് ഉറപ്പാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam