
തിരുവനന്തപുരം: എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം സജീവമാക്കി എൻസിപിയിലെ മാണി സി കാപ്പൻ അനുകൂല വിഭാഗം. മന്ത്രി സ്ഥാനം നിലനിര്‍ത്താനും കസേര പിടിച്ചെടുക്കാനും നീക്കങ്ങൾ പാര്‍ട്ടിക്കകത്ത് ശക്തമായതോടെ മന്ത്രി എകെ ശശീന്ദ്രൻ മുബൈയിലെത്തി ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. പാലാ ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ മാണി സി കാപ്പൻ മന്ത്രി സഭയിലെത്തിയേക്കും എന്ന തരത്തിൽ ചര്‍ച്ചകൾ ഉണ്ടായിരുന്നെങ്കിലും തോമസ് ചാണ്ടിയുടെ വിയോഗത്തോടെയാണ് തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയത്. എകെ ശശീന്ദ്രന് പകരം മാണി സി കാപ്പൻ മന്ത്രിസഭയിലേക്ക് എത്തണമെന്നാണ് മാണി സി കാപ്പനെ അനുകൂലിക്കുന്ന എൻസിപി പക്ഷത്തിന്‍റെ ആവശ്യം.
മാണി സി കാപ്പൻ കഴിഞ്ഞ ആഴ്ച ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കും എന്നും മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയിലേക്ക് എത്താനുള്ള നീക്കങ്ങൾ മാണി സി കാപ്പൻ ശക്തമായതോടെയാണ് എകെ ശശീന്ദ്രൻ മുംബൈയിലെത്തി ശരത് പവാറിനെ കണ്ടത്. എന്നാൽ മകന്‍റെ വിവാഹത്തിന് ക്ഷണിക്കാനാണ് ശരത് പവാറിനെ കണ്ടതെന്നാണ് എകെ ശശീന്ദ്രന്‍റെ പ്രതികരണം.
തോമസ് ചാണ്ടിയുടെ മരണത്തോടെ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്. ടിപി പീതാംബരന് മാസ്റ്റര്‍ക്ക് സംസ്ഥാന അധ്യക്ഷന്‍റെ താൽകാലിക ചുമതല നൽകിയിരിക്കുകയാണ്. ഇക്കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. മാത്രമല്ല കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ സ്ഥാനാര്‍ത്ഥി ചര്‍ച്ചകൾ അടക്കമുള്ള പ്രശ്നങ്ങളും പാര്‍ട്ടിക്കകത്ത് സജീവ ചര്‍ച്ചയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam