മുൻ പൊലീസ് ഓഫീസർ എന്ന നിലയിൽ ശരിയല്ലെന്നും, ഒരു പിതാവെന്ന നിലയിൽ ഇതല്ലാതെന്തെന്നും തോന്നുന്നു: ദിശ കേസില്‍ സെന്‍കുമാര്‍

By Web TeamFirst Published Dec 6, 2019, 1:56 PM IST
Highlights

പക്ഷെ ഒരു പിതാവ് എന്ന നിലയിലും മരണശിക്ഷക്ക് വിധിക്കപ്പെട്ട നിരവധി പേർ സസുഖം വാഴുന്നത് കാണുന്ന ഒരു വ്യക്തിയെന്ന നിലയിലും ‌ഇതല്ലാതെ എന്ത് എന്ന് തോന്നിപ്പോകുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

തിരുവനന്തപുരം: ഹൈദരാബാദിൽ യുവ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് തീക്കൊളുത്തി കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തെ വിമർശിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. അഭിഭാഷകൻ എന്ന നിലയിലും മുൻ പൊലീസ് ഓഫീസർ എന്ന നിലയിലും പൊലീസിന്റേത് ശരിയായ നടപടിയായി കണക്കാക്കാൻ സാധിക്കില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു.

പക്ഷെ ഒരു പിതാവ് എന്ന നിലയിലും മരണശിക്ഷക്ക് വിധിക്കപ്പെട്ട നിരവധി പേർ സസുഖം വാഴുന്നത് കാണുന്ന ഒരു വ്യക്തിയെന്ന നിലയിലും ‌ഇതല്ലാതെ എന്ത് എന്ന് തോന്നിപ്പോകുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വെള്ളിയാഴ്ച പുലർച്ചെയാണ് തെലങ്കാനയിലെ ഷംസാബാദിലെ ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ച് 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സം‌ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊന്നത്. നവംബർ 27-ാം തീയ്യതി രാത്രിയായിരുന്നു കേസിനാസ്പദമായ ക്രൂരകൃത്യം നടന്നത്. നവംബർ 29ന് കേസിൽ ഉൾപ്പെട്ട പ്രതികളായ മുഹമ്മദ് അരീഫ് (26), ജൊല്ലു ശിവ (20), ജൊല്ലു നവീൻ (20), ചിന്തകുന്ത ചെന്നകേശവാലു (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെയായിരുന്നു പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടിണ്ട്.
 

click me!