
പാലക്കാട്: പാലക്കാട് ഷൊർണൂർ കുളപ്പുള്ളിയിലെ സിമന്‍റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലി കടയുടെ മുന്നിൽ സിഐടിയുവിന്‍റെ ഷെഡ് കെട്ടി സമരം തുടരുന്നു. യന്ത്രമുണ്ടെങ്കിലും സിമന്‍റ് കയറ്റിയിറക്കാൻ അഞ്ച് തൊഴിലാളികളെങ്കിലും വേണമെന്ന അവകാശവാദം തെളിയിക്കുന്ന ദൃശ്യങ്ങൾ സിഐടിയു ഇന്നലെ പുറത്തുവിട്ടിരുന്നു.
പിന്നാലെ രണ്ട് പേരെ വെച്ച് യന്ത്രം പ്രവർത്തിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ തൊഴിലുടമയും പുറത്തുവിട്ടു. മൂന്നു മാസം മുൻപാണ് പ്രകാശ് സ്റ്റീൽസ് ഉടമ ജയപ്രകാശ് സ്ഥാപനത്തിൽ, ലോറിയിൽ നിന്നും സിമന്‍റ് ചാക്കുകൾ ഇറക്കുന്നതിന് കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചത്. ഇരുകൂട്ടരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ തിങ്കളാഴ്ച ലേബർ ഓഫീസർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
ചാക്ക് കയറ്റാനുമിറക്കാനും കൂടുതൽ തൊഴിലാളികൾ വേണമെന്നും ഇത് നൽകാത്തത് തൊഴിൽ നിഷേധമാണെന്നും സിഐടിയു ആരോപിക്കുന്നു. യന്ത്രത്തിന്‍റെ പ്രവർത്തനത്തിന് കൂടുതൽ തൊഴിലാളികളുടെ സഹായം വേണമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ഇവർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, ഇത് ട്രയൽ റൺ ദിവസത്തെ ദൃശ്യമാണെന്നാണ് കടയുടമയുടെ വാദം. യന്ത്രം പ്രവർത്തിപ്പിക്കാൻ ഏറ്റവും കുറഞ്ഞത് രണ്ടു പേർ മാത്രം മതിയെന്ന് ദൃശ്യങ്ങൾ സഹിതം കടയുടമയും വ്യക്തമാക്കുന്നു. ലക്ഷങ്ങൾ ചെലവാക്കി സ്ഥാപിച്ച യന്ത്രം ഉപയോഗിച്ച് കയറ്റിറക്ക് നടത്താൻ കഴിഞ്ഞില്ലെങ്കിൽ വലിയ ബാധ്യതയുണ്ടാകുമെന്നും കടയുടമ പറയുന്നു.ഇരുകൂട്ടരും തമ്മിലുള്ള തർക്കം പരിഹരിക്കാനാണ് നാളെ ചര്‍ച്ച വച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam