നെടുങ്കണ്ടം കസ്റ്റഡിമരണം: ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യം; സേനയില്‍ അമർഷം പുകയുന്നു

By Web TeamFirst Published Jul 2, 2019, 7:18 AM IST
Highlights

താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിൽ പൊലീസ് സേനയില്‍ അമർഷം. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലെങ്കിൽ പരാതി നൽകുമെന്ന് സേനയിലെ ഒരുവിഭാഗം.

ഇടുക്കി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്‍കുമാര്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഇല്ലാത്തതിൽ പൊലീസുകാർക്കിടയിൽ അമർഷം. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിനെതിരെയാണ് പൊലീസുകാർക്കിടയിൽ അമർഷം പുകയുന്നത്.

കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം എസ്ഐ ഉൾപ്പടെ എട്ട് പേരെ സസ്പെൻഡ് ചെയ്യുകയും സിഐ ഉൾപ്പടെ അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സംഭവം നടന്ന സമയത്ത് അവധിയിലുള്ള ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുത്തു എന്നാണ് ഉയരുന്ന ആക്ഷേപം. അവധിയിലായിരുന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതിന്‍റെ ഔചിത്യം മനസിലാകുന്നില്ലെന്നാണ് പ്രതിഷേധം ഉയര്‍ത്തുന്ന പൊലീസുകാര്‍ പറയുന്നത്. കേസില്‍ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായില്ലെങ്കിൽ പരാതി നൽകുമെന്ന് പൊലീസ് സേനയിലെ ഒരു വിഭാഗം വ്യക്തമാക്കി.

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്‍കുമാറിന് കസ്റ്റഡി മർദ്ദനം ഏറ്റിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിരുന്നു. ഇതിനിടെ, സംഭവത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നതിന് കൂടുതൽ തെളിവുകളും പുറത്ത് വന്നിരുന്നു. 

Also Read: നെടുങ്കണ്ടം കസ്റ്റഡിമരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടരും, സാമ്പത്തിക തട്ടിപ്പ് കേസ് കേന്ദ്രീകരിച്ചും അന്വേഷണം

click me!