ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. കസ്റ്റഡി മരണത്തിൽ പൊലീസുകാർ ഉൾപ്പടെ ഉള്ളവരിൽ നിന്നുള്ള മൊഴിയെടുക്കൽ ഇന്നും ഉണ്ടാകും. രാജ്‌കുമാർ തട്ടിപ്പിലൂടെ നേടിയ പണം കുമളിയിലേക്കാണ് കൊണ്ടുപോയതെന്ന മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം. 

ഇന്നലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ക്യാമ്പ് ഓഫീസ് തുറന്നിരുന്നു. നാട്ടുകാർക്ക് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘത്തിന് ഇവിടെയെത്തി കൈമാറാം. കൂടാതെ രാജ്‌കുമാർ പ്രതിയായിരുന്ന സാമ്പത്തിക തട്ടിപ്പിലെ പരാതികളും സമര്‍പ്പിക്കാം. ഇതിനിടെ, ജയിൽ വകുപ്പ് ഡി ജി പി ഋഷിരാജ് സിംഗ് പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. 

പോസ്‍റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലും രാജ്‍കുമാര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ചിരുന്നു. മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക മുറിവുകള്‍ മൂര്‍ച്ഛിച്ചുണ്ടായ ന്യുമോണിയയാണ് രാജ്കുമാറിന്‍റെ മരണകാരണം എന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രാജ്കുമാറിന്‍റെ കുടുംബത്തിന്‍റെ അടക്കമുള്ള മൊഴികളും സ്റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

Also Read: നെടുങ്കണ്ടം കസ്റ്റഡി മരണം: പീരുമേട് ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്