
ആലപ്പുഴ: അമ്പലപ്പുഴയുടെ തീരം ഗുരുതരപ്രതിസന്ധിയിലെന്ന് കണ്ടെത്തൽ. കടലാക്രമണത്തിൽ നശിച്ചത് മൂന്നൂറോളം വീടുകൾ. പുലിമുട്ടും കടൽഭിത്തിയും അടിയന്തരമായി നിർമ്മിക്കണമെന്ന ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അമ്പലപ്പുഴയിലെ തീരപ്രദേശം ഗുരുതര പ്രതിസന്ധിയിലെന്നാണ് ജില്ലാ ജഡ്ജിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. അടിയന്തരമായി കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ കൊല്ലം കഴിയുംതോറും കടല്‍ കയറിക്കയറി വരികയാണ്. മുന്നൂറിലേറെ വീടുകള്‍ തകര്‍ന്നു. പലയിടങ്ങളിലും. കടല്‍ഭിത്തി കെട്ടാനോ പുലിമുട്ട് സ്ഥാപിക്കാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മല്‍സ്യത്തൊഴിലാളികളുടെ വീടുകള്‍ക്ക് സുരക്ഷിതത്വം ഇല്ലാതായപ്പോഴാണ് അമ്പലപ്പുഴ സ്വദേശിയായ എസ് രത്നകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലാ ജഡ്ജിനെ ചുമതലപ്പെടുത്തി. പ്രദേശം നടന്നുകണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ജഡ്ജിന്റെ പരാമര്‍ശങ്ങള്‍ ആശങ്ക കൃത്യമായി പങ്കുവക്കുന്നുണ്ട് . തനിക്ക് ഇത് കണ്ട ശേഷം മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നില്ല. ദൈവത്തിന്‍റെ സ്വന്തം നാട് എന്നതിന്‍റെ അനുഗ്രഹം ഈ പ്രദേശത്ത് തനിക്ക് കാണാന്‍ കഴിയുന്നില്ല. ഒരു പാട് കാലം നീണ്ടു നിന്ന യുദ്ധഭൂമിക്ക് സമാനമാണിത്. ആറ്റംബോംബുകള്‍ പതിച്ചത് പോലെയും അതിശക്തമായ ഭൂകമ്പം നടന്നതുപോലെയുമാണ് ഇത് കാണുമ്പോള്‍. പുലിമുട്ടും കടല്‍ഭിത്തിയും അടിയന്തരമായി നിര്‍മ്മിച്ച് സംഭവത്തിന് പരിഹാരം കാണണമെന്നും ജില്ലാ ജഡ്ജ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം ഇവിടെ ഒരു പ്രശ്നവുമില്ലെന്നും ശക്തമായ കടല്‍ഭിത്തിയുണ്ടെന്നുമായിരുന്നു പിഡബ്ലുഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹൈക്കോടതിയെ അറിയിച്ചത്. ആലപ്പുഴയുടെ തീരം പുലിമുട്ട് സ്ഥാപിച്ച് സംരക്ഷിക്കണമെന്നായിരുന്നു ചെന്നൈയിലെ ഐഐടി പഠനം നടത്തിയപ്പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. തോട്ടപ്പള്ളി മുതല്‍ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അതിര്‍ത്തിവരെ മാത്രമാണ് പുലിമുട്ട് നിലവില്‍ സ്ഥാപിച്ചിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam