
കൊച്ചി: എറണാകുളത്ത് നാലു വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടുള്ള പോക്സോ കേസിൽ പ്രതിയുടെ ഡി എൻ എ സാംപിൾ ശേഖരിച്ചു. പ്രതിയുടെ ലൈംഗിക ശേഷി പരിശോധിക്കാനായാണ് ഡി എൻ എ സാംപിൾ ശേഖരിച്ചത്. അമ്മ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ നാലുവയസുകാരി ക്രൂര ബലാത്സംഗം നേരിട്ടതായി തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിന്‍റെ അച്ഛന്‍റെ സഹോദരനാണ് പീഡനം നടത്തിയിരുന്നതെന്നാണ് പൊലീസിന് വ്യക്തമായത്. ഇതോടെ പോക്സോ കേസെടുത്ത് പുത്തൻകുരിശ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടിൽ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രതിയുടെ ലൈംഗിക ശേഷി പരിശോധിക്കുന്നത്.
വിശദ വിവരങ്ങൾ
നേരത്തെ കുഞ്ഞിന്‍റെ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന നടുക്കുന്ന വിവരം പുറത്തുവന്നത്. ഒന്നോ രണ്ടോ വട്ടമല്ല നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തതായി ഡോക്ടർ പൊലീസിനെ അറിയിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിന് പോലും കുഞ്ഞ് ഇരയായിട്ടുണ്ട്. കൊല്ലപ്പെടുന്നത് തൊട്ടുമുൻപും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകൾ ലഭിച്ചു. അതീവ ഗൗരവമായ റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസ് ബന്ധുക്കളിലേക്ക് അന്വേഷണം തുടങ്ങിയത്. കുഞ്ഞിന്റെ സംസ്കാരം പൂർത്തിയായ അന്ന് രാത്രി തന്നെ അച്ഛന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്തു തുടങ്ങി. വീട്ടിലെ സ്ത്രീകളുടെ മൊഴി എടുത്തു. അടുത്ത ബന്ധുവിലേക്ക് സംശയങ്ങൾ നീളുന്നതായിരുന്നു പലരുടെയും മൊഴി. ആദ്യഘട്ടത്തിൽ ചോദ്യംചെയ്ത് ഇയാളെ വിട്ടയച്ചു. ഇന്നലെ മറ്റ് രണ്ടു ബന്ധുക്കൾക്കൊപ്പം വീണ്ടും വിളിച്ചു വരുത്തി. വിശദമായി ചോദ്യംചെയ്തു. മറ്റു രണ്ടു ബന്ധുക്കളെയും വിട്ടയച്ചെങ്കിലും മൂന്നാമനെ പൊലീസ് പിടിച്ചിരുത്തി ചോദ്യം ചെയ്തു. തെളിവുകൾ ഓരോന്നായി നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. തനിക്ക് കൈയബദ്ധം പറ്റിയെന്ന് പറഞ്ഞ് പ്രതി പൊട്ടിക്കരഞ്ഞു. അച്ഛന്റെയും അമ്മയുടെയും പരിചരണം വേണ്ടവിധം ലഭിക്കാത്ത കുഞ്ഞ് ബന്ധുക്കൾക്കൊപ്പം ആയിരുന്നു ഏറിയ സമയവും. ഇത് പ്രതി മുതലെടുത്തു എന്നാണ് പൊലീസിന്റെ നിഗമനം. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടിൽ വച്ച് നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു.
അതിനിടെ കൊലപാതക കേസിൽ പ്രതിയായ അമ്മയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അമ്മയെ ഉടൻ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കും. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam