പ്രതി സന്ദീപ് സ്വബോധത്തിലല്ലായിരുന്നുവെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. കൂടെയുള്ള ഡോക്ടർ മാത്രമാണ് വന്ദനയെ രക്ഷിക്കാൻ എത്തിയതെന്നും പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്നും ഡോക്ടർമാർ ആരോപിച്ചു.
കൊല്ലം : ശ്വാസകോശത്തിൽ കുത്തേറ്റാൽ നൽകേണ്ട അടിയന്തിര ചികിത്സ ഡോക്ടർ വന്ദനയ്ക്ക് കിംസിൽ എത്തുന്നതുവരെ നൽകാനായില്ലെന്ന് സഹ പ്രവർത്തകർ. പ്രതി സന്ദീപ് സ്വബോധത്തിലല്ലായിരുന്നുവെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. കൂടെയുള്ള ഡോക്ടർ മാത്രമാണ് വന്ദനയെ രക്ഷിക്കാൻ എത്തിയതെന്നും പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്നും ഡോക്ടർമാർ ആരോപിച്ചു. ഡ്രസിംഗ് റൂമിൽ നിന്നാണ് പ്രതി കത്രിക എടുത്തത്. എക്സ് റെ എടുക്കാനായി പോകുമ്പോഴാണിതുണ്ടായത്. പുറത്ത് വെച്ച് നടന്ന ആക്രമണങ്ങളൊന്നും വന്ദന അറിഞ്ഞിരുന്നില്ല. സംഭവം നടന്ന സമയത്ത് പൊലീസുകാര്‍ ഓടിരക്ഷപ്പെട്ടുവെന്നും ഡോക്‍ടര്‍മാര്‍ ആരോപിച്ചു.

അതേ സമയം, വന്ദനയ്ക്ക് ശ്വാസ കോശത്തിന് കുത്തേറ്റതായി ആദ്യം അറിയില്ലായിരുന്നുവെന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. കൃത്യം നടക്കുന്ന വേളയിൽ സന്ദീപിന്റെ കാലിൽ പിടിച്ച് വലിച്ചാണ് താൻ വന്ദനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുത്തുന്ന സമയം വന്ദനക്ക് ബോധമുണ്ടായിരുന്നു. ശ്വാസ കോശത്തിന് കുത്തേറ്റ കാര്യം ആദ്യം അറിയില്ലായിരുന്നുവെന്നും ഡോ. മുഹമ്മദ് ഷിബിൻ പറഞ്ഞു.
''പ്രതി സന്ദീപിനെ ആദ്യം തന്റെയടുത്താണ് എത്തിച്ചത്. കൊണ്ടുവന്ന സമയത്ത് പ്രശ്നമുണ്ടായിരുന്നില്ല. പതിനഞ്ച് മിനിറ്റിന് ശേഷമാണ് പ്രകോപിതനായത്. ബഹളം കേട്ട് ഡ്രസിംഗ് റൂമിന് സമീപത്തേക്ക് വരുമ്പോൾ സന്ദീപ് പൊലീസുദ്യോഗസ്ഥനെ കുത്തുന്നതാണ് കണ്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ നിരായുധരായിരുന്നുവെന്നും ഡോ. മുഹമ്മദ് ഷിബിൻ വിശദീകരിച്ചു. നിലത്തിരുന്ന് വന്ദനയെ കുത്തുകയായിരുന്ന പ്രതിയുടെ കാലിൽ പിടിച്ച് വലിച്ച് വന്ദനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. പ്രതിയുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുത്തുന്ന സമയം വന്ദനക്ക് ബോധമുണ്ടായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴി പൊലീസ് മൊഴിയെടുത്തു''. സന്ദീപ് കത്രിക കൈക്കലാക്കിയതെങ്ങനെയാണെന്ന് അറിയില്ലെന്നും ഷിബിൻ പറഞ്ഞു.
