നെടുങ്കണ്ടം കസ്റ്റഡിമരണം; പൊലീസുകാർ തെറ്റിദ്ധരിപ്പിച്ചെന്ന് ഡോക്ടർമാരുടെ മൊഴി

By Web TeamFirst Published Jul 10, 2019, 9:49 AM IST
Highlights

ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് രാജ്കുമാറിന് പരിക്കേറ്റതെന്നായിരുന്നു പൊലീസുകാർ അറിയിച്ചതെന്ന് ഡോക്ടർമാരുടെ മൊഴി. തങ്ങൾ പറഞ്ഞത് കേൾക്കാതെയാണ് ജയിലിലേക്ക് മാറ്റിയതെന്നും ഡോക്ടർമാര്‍

ഇടുക്കി: പീരുമേട് സബ് ജയിലിൽ റിമാന്‍ഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ മൊഴി പുറത്ത്. രാജ്കുമാറിന് സംഭവിച്ച പരിക്കിനെക്കുറിച്ച് പൊലീസുകാർ തെറ്റിദ്ധരിപ്പിച്ചെന്നാണ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി. ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് രാജ്കുമാറിന് പരിക്കേറ്റതെന്നാണ് പൊലീസുകാർ അറിയിച്ചതെന്ന് ഡോക്ടർമാര്‍ മൊഴിയിൽ നല്‍കി. തങ്ങൾ പറഞ്ഞത് കേൾക്കാതെയാണ് രാജ്കുമാറിനെ ജയിലിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍മാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിയിലെ ഡോക്ടർമാരായ പദ്മദേവ്, വിഷ്ണു എന്നിവരാണ് മൊഴി നല്‍കിയത്. 

റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് ജൂണ്‍ 16 തീയതിയാണ് രാജ്കുമാറിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രാജ്കുമാറിനെ 20 മണിക്കൂർ ആശുപത്രിയിൽ നിരീക്ഷണത്തിൽ വച്ചുവെന്നും പ്രതിയുടെ കാലിൽ നീരുണ്ടായിരുന്നുവെന്നും ഡോക്ടർമാര്‍ പറയുന്നു. ഓടിച്ചിട്ട് പിടിക്കുന്നതിനിടെ കുഴിയില്‍ വീണപ്പോഴാണ് രാജ്കുമാറിന്‍റെ നട്ടെല്ലിന് പരിക്കേറ്റതെന്ന് പറഞ്ഞ് പൊലീസുകാര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ഡോക്ടർമാര്‍ പറയുന്നു. ആശുപത്രിയിലെത്തുമ്പോള്‍ എഴുന്നേൽക്കാൻ കഴിയാത്ത വിധം രാജ്കുമാര്‍ അവശനായിരുന്നു. ജയിലിലേക്ക് മാറ്റാനുള്ള ആരോഗ്യസ്ഥിതി രാജ്കുമാറിന് ഇല്ലായിരുന്നുവെന്നും ഡോക്ടർമാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇത് കേള്‍ക്കാതെയാണ് പ്രതിയെ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപേയതെന്നാണ് ഡോക്ടർമാരുടെ മൊഴിയിൽ പറയുന്നത്.  

അതേസമയം, കേസിൽ ക്രൈംബ്രാഞ്ചിന്‍റെ തെളിവെടുപ്പ് ഇന്നും തുടരും. ഇന്ന് വൈകീട്ട് ആറ് മണിവരെയാണ് കേസിലെ ഒന്നാം പ്രതി എസ്ഐ സാബുവിന്റെ കസ്റ്റഡി കാലാവധി. ഇതിനകം ഇയാളിൽ നിന്ന് മുഴുവൻ തെളിവുകളും ശേഖരിച്ച് രാജ്കുമാറിനെ മർദ്ദിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താമെന്നാണ് അന്വേഷണസംഘത്തിന്‍റെ കണക്കുകൂട്ടൽ. അന്വേഷണത്തിന്‍റെ ഭാഗമായി എസ്ഐ സാബുവിനെ നെടുങ്കണ്ടം സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് ഹരിത ഫിനാൻസിലും, നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലുമെത്തിച്ച് തെളിവെടുക്കുമെന്നാണ് വിവരം. പ്രതിപ്പട്ടിക വിപുലീകരിക്കുന്ന കാര്യത്തിലും ഇന്ന് വൈകീട്ടോടെ തീരുമാനമാകും. 

click me!