ലൈഫ് പദ്ധതി പ്രതിസന്ധിയിൽ; പ്രഖ്യാപിച്ചിട്ട് മൂന്നു വര്‍ഷമായിട്ടും ഫ്ലാറ്റ് നിർമ്മാണം തുടങ്ങിയില്ല

By Web TeamFirst Published Jul 10, 2019, 9:43 AM IST
Highlights

കഴിഞ്ഞ ബജറ്റില്‍ പദ്ധതിക്കായി 1250 കോടി രൂപ അനുവദിച്ചെങ്കിലും ടെന്‍ഡര്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഈ തുകയില്‍ നിന്ന് കാര്യമായി പണം ചെലവിട്ടിട്ടില്ല. 

തിരുവനന്തപുരം: ഭവന പദ്ധതിക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് പദ്ധതി പ്രതിസന്ധിയിൽ. പദ്ധതി പ്രകാരം ഭൂരഹിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫ്ലാറ്റ് നിർമ്മാണം പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും തുടങ്ങിയില്ല. പദ്ധതി വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഈ മാസം 16-ന് ലൈഫ് മിഷന്‍ യോഗം ചേരും.

3,36000 കുടുംബങ്ങളാണ് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ ലൈഫ് പദ്ധതിയിലെ ഫ്ലാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതും കാത്തിരിക്കുന്നത്. ലൈഫ് പദ്ധതി പ്രകാരം സ്വന്തമായി ഭൂമിയുളളവര്‍ക്കും പൂര്‍ത്തിയാകാത്ത വീടുകള്‍ പൂര്‍ത്തിയാകാത്തവര്‍ക്കുമുളള ഭാവന നിര്‍മ്മാണം മികച്ച നിലയില്‍ മുന്നേറിയെങ്കിലും ഫ്ലാറ്റ് നിര്‍മ്മാണം എങ്ങുമെത്തിയില്ല. അടിമാലിയില്‍ ഭവന ഫൗണ്ടേഷന്റെ ഭാ​ഗമായി നിർമ്മിച്ച ഫ്ലാറ്റ് വില കൊടുത്ത് വാങ്ങിയത് മാത്രമാണ് ഈ പദ്ധതിയിൽ നടന്ന ഏക പ്രവൃത്തി. 

നിര്‍മ്മാണ കരാറിനെച്ചൊല്ലിയായിരുന്നു ആദ്യഘട്ടത്തില്‍ തര്‍ക്കമെങ്കില്‍ ഫ്ലാറ്റുകളുടെ ഉയരത്തെയും നിര്‍മ്മാണ രീതിയെയും ചുറ്റിപറ്റിയായിരുന്നു പിന്നീട് ചര്‍ച്ച ഇഴഞ്ഞുനീണ്ടത്. ഒടുവില്‍ പ്രളയം സൃഷ്ടിച്ച പ്രതിസന്ധിയും പദ്ധതിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 1250 കോടി രൂപ പദ്ധതിക്കായി അനുവദിച്ചെങ്കിലും ടെന്‍ഡര്‍ പൂര്‍ത്തിയായില്ല. എന്നാല്‍ 14 ജില്ലകളിലും ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കേണ്ട 14 ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്ക് ഭരണാനുമതി ലഭിക്കുകയും ഡിപിആര്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. 

രണ്ടു മാസത്തിനകം നിര്‍മ്മാണം ആരംഭിക്കാമെന്നാണ് ലൈഫ് മിഷന്‍ അധികൃതരുടെ പ്രതീക്ഷ. രണ്ടാം ഘട്ടത്തിലുളള 56 ഫ്ലാറ്റുകളുടെയും ഡിപിആര്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്ന നടപടിയാണ് ഇനിയുളള പ്രധാന വെല്ലുവിളി. വിവിധ വകുപ്പുകളുടെ കീഴിലുളള ഭൂമി ഫ്ലാറ്റ് നിര്‍മ്മാണത്തിനായി തദ്ദേശഭരണ വകുപ്പിന് കൈമാറുകയാണ് പ്രധാന കടമ്പ. കാലതാമസം ഒഴിവാക്കാന്‍ ഇക്കാര്യം മന്ത്രിസഭ ഉടനടി പരിഗണിക്കും.

click me!