
തിരുവനന്തപുരം: എംജി സർവകലാശാല മാർക്ക്ദാന വിവാദത്തിൽ മന്ത്രിയുടേയും വൈസ് ചാന്‍സലറുടേയും വാദങ്ങൾ തള്ളി വിവരാവകാശരേഖ. ഫയൽ അദാലത്തിൽ തന്നെ മാർക്ക് ദാനത്തിന് തീരുമാനമെടുത്തിരുന്നുവെന്ന് സർവകലാശാല തന്നെ നൽകിയ രേഖയിൽ വ്യക്തമാക്കുന്നു. അതേസമയം പരാതിയുണ്ടെങ്കിൽ ഗവർണറെ സമീപിക്കാൻ മന്ത്രി കെ ടി ജലീൽ പ്രതിപക്ഷനേതാവിനെ വെല്ലുവിളിച്ചു.
ഒരു വിഷയത്തിന് ഒരു മാർക്ക് കുറഞ്ഞ കുട്ടിക്ക് അധിക മാർക്ക് നൽകാൻ സർവകലാശാല സിൻഡിക്കേറ്റാണ് തീരുമാനിച്ചതെന്നായിരുന്നു മന്ത്രി കെടി ജലീലിന്റെ വിശദീരകരണം. മന്ത്രിയെ പിന്തുണച്ചെത്തിയ വൈസ് ചാൻസലർ സിൻഡിക്കേറ്റിന്റെ തീരുമാനത്തിൽ ആർക്കും സ്വാധീനം ചെലുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ ഫെബ്രുവരിയിൽ നടന്ന അദാലത്തിൽ തന്നെ ഒരു മാർക്ക് കൊടുക്കാൻ തീരുമാനിച്ചതായാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്. പാസ് ബോർഡ് നൽകിയിരിക്കുന്ന മോഡറേഷന് പുറമേ ഒരു മാർക്ക് നൽകാനാണ് അദാലത്തിൽ തീരുമാനിച്ചത്. അദാലത്തിലെ തീമാനത്തിൽ വൈസ് ചാൻസിലറും ഒപ്പ് വച്ചിട്ടുണ്ട്. ഈ തീരുമാനം ഉദ്യോഗസ്ഥർ എതിർത്തതിനാലാണ് അക്കാദമിക് കൗൺസിലിന്റെ പരിഗണനക്ക് വിട്ടത്.
ഇതിനിടെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ ഷറഫുദ്ദീൻ അദാലത്തിൽ പങ്കെടുത്തതും വിവാദമായിരുന്നു. ഷറഫുദ്ദീനിന്റെയും ഒരു സിൻഡിക്കേറ്റ് അംഗത്തിന്റെയും സമീപവാസിയാണ് മാർക്ക് കുടുതലാവശ്യപ്പെട്ട കുട്ടിയെന്ന് ആരോപണമുയർന്നിട്ടുണ്ട്. മാർക്ക് ദാനത്തിനെതിരെ എംജി സർവകലാശാല പ്രോ വൈസ് ചാൻസിലറെ കെഎസ് യു പ്രവർത്തകർ ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയത് നീക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam