
തൃശൂർ: ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ടെന്ന് തുറന്നടിച്ച ചാണ്ടി ഉമ്മന് മറുപടിയുമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും സഹോദരീ ഭർത്താവുമായി ഡോ. വര്‍ഗീസ് ജോര്‍ജ്. ഉമ്മൻചാണ്ടിയുടെ മരുമകനാണ്, അതുകൊണ്ട് തനിക്ക് വോട്ട് ചെയ്യണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ രണ്ടര കൊല്ലമായി മണ്ഡലത്തിൽ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. എണ്ണായിരം വീടുകളിൽ കയറിയിട്ടുണ്ട്. അത്യാവശ്യം എല്ലാ കാര്യങ്ങളിലും പ്രതിഷേധിച്ചിട്ടുണ്ട്. നട്ടുച്ച വെയിലത്ത് റോഡ് സൈഡിൽ നിന്ന് പ്രസംഗിച്ചിട്ടുണ്ട്.
ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് വോട്ട് ചോദിക്കുന്നത്. നോമിനേഷൻ കൊടുക്കുന്നതിന് മുമ്പ് മീഡിയയെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ കൊണ്ട് വന്ന് എത്ര പേര്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു. ഇന്ന് ഉമ്മൻചാണ്ടി ജീവിച്ചിരിപ്പുണ്ടായിരിന്നെങ്കിൽ ആ കല്ലറയിൽ പോയ എത്ര പേര്‍ അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ച് നോമിനേഷൻ കൊടുക്കുമായിരുന്നു എന്ന് വര്‍ഗീസ് ജോര്‍ജ് ചോദിച്ചു. ഐയും എയും ഒക്കെ അദ്ദേഹത്തെ പുറകിൽ നിന്ന് കുത്തിയിട്ട് മരിച്ചതിന് ശേഷം അദ്ദേഹത്തിന്‍റെ പേരിന്‍റെ ഗുണഭോക്താക്കളായി മാറുന്നു. അതിനെയാണ് മുതലക്കണ്ണീർ എന്ന് പറയുന്നത്. ചാണ്ടി ഉമ്മന് ആ ആളുകൾക്കെതിരെ ഇതേ പരാമര്‍ശം നടത്താൻ ധൈര്യം ഉണ്ടോ. ചാണ്ടിയെ കുറ്റം പറയുന്നില്ല. ചാണ്ടിയെ അനിയനായിട്ടാണ് കാണുന്നത്. തന്‍റെ അനുയായികളും ഇഷ്ടപെടുന്നവരും ചാണ്ടിയെ ചീത്ത പറയരുതെന്നും ഡോ. വര്‍ഗീസ് ജോര്‍ജ് കൂട്ടിച്ചേർത്തു.
കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഒ ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുകയെന്ന് മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. അദേഹത്തിന്റെ പേരിൽ ഇവിടെ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നും ചാണ്ടി ഉമ്മൻ അന്നമനടിയിൽ പറഞ്ഞു. ഒ ജെ ജനീഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു അദേഹം. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വർഗീസ് ജോർജിനെ ഉന്നമിട്ടായിരുന്നു ചാണ്ടി ഉമ്മന്‍റെ വാക്കുകൾ.
ഉമ്മൻ ചാണ്ടിയുടെ മരുമകനാണ് വർഗീസ് ജോർജ്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂരിൽ ട്വന്റി 20 സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. നിയമസഭയിൽ തന്റെ കൂടെ കൊടുങ്ങല്ലൂർ എംഎൽഎയായി ഒ.ജെ ജനീഷ് ഉണ്ടാകുമെന്നും കൊടുങ്ങല്ലൂരിന്റെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ജനീഷിന് സാധിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam