
തിരുവനന്തപുരം: പുന:സംഘടന നിർത്തിവെച്ച ഹൈക്കമാൻഡ് നടപടിയിൽ അതൃപ്‌തി മാറാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എല്ലാവരുമായും ചർച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് പട്ടിക തടഞ്ഞതിലാണ് അമർഷം. നോക്കുകുത്തി ആയി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ഇല്ലെന്നാണ് സുധാകരൻ എഐസിസി നേതൃത്വത്തെ അറിയിച്ചത്.
എഐസിസി പ്രതിനിധികളും സംസ്ഥാന നേതാക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുധാകരൻ വഴങ്ങിയില്ല. ഇന്നും അനുനയ നീക്കം തുടരും. കെസി വേണുഗോപാലും വിഡി സതീശനും തന്നെ മറയാക്കി പാർട്ടി പിടിക്കാൻ ശ്രമിക്കുന്നുവെന്നാണ് സുധാകരന്റെ സംശയം. എന്നാൽ എംപിമാർ അടക്കം പരാതികൾ ഉന്നയിച്ചാൽ പരിഹരിക്കാതെ എങ്ങിനെ മുന്നോട്ട് പോകും എന്നാണ് സതീശന്റെ നിലപാട്.
ഡിസിസി പുന:സംഘടനയുടെ അന്തിമകരട് പട്ടിക തയ്യാറാക്കിയിരിക്കെയാണ് സംസ്ഥാന കോൺഗ്രസ്സിലെ അസാധാരണ പോര്. ശാക്തിക ചേരികൾ മാറിമറഞ്ഞാണ് പാർട്ടി പൊട്ടിത്തെറിയുടെ വക്കിലേക്ക് നീങ്ങുന്നത്. അവസാന ചർച്ച നടത്തി ഹൈക്കമാൻഡ് അനുമതിയോടെ പ്രഖ്യാപനം നടത്താനിരിക്കെയാണ് ദില്ലി ഇടപെടൽ. എംപിമാരെ കേട്ടില്ലെന്നാണ് പരാതി . പരാതികൾ ഉണ്ടെെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് സമ്മതിച്ചു
ഹൈക്കമാൻഡ് ഇടപെടലിൽ കെ.സുധാകരൻ കടുത്ത രോഷത്തിലാണ്. എ-ഐ ഗ്രൂപ്പുകളുമായും എംപിമാരും എംഎൽഎമാരുമായും പല വട്ടം ചർച്ച നടത്തിയെന്നാണ് സുധാകരനറെ വിശദീകരണം. പരാതിപ്പെട്ട എംപിമാരുടെ കത്ത് കൈമാറണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ട് ഹൈക്കമാൻഡിനെ സമീപിച്ചു. ഓരോ എംപിയും നൽകിയ പേരുകൾ അടങ്ങിയ പട്ടിക തൻ്റെ പക്കലുണ്ടെന്ന് സുധാകരൻ പറയുന്നത്. പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നും അദ്ദേഹം സംശയിക്കുന്നു.
നിയമസഭാ തെരഞ്ഞെെടുപ്പ് തോൽവിക്ക് ശേഷം ഒരുമിച്ച് നേതൃനിരയിലെത്തിയ സുധാകരനും സതീശനും തമ്മിൽ ഏറെ നാളായി അകൽച്ചയിലാണ്. പുനസംഘടന നിർത്തിവെച്ചതോടെ ഭിന്നത രൂക്ഷമായി. കെസി വേണുഗോപാലും വിഡി സതീശനും തന്നെ മറയാക്കി പാർട്ടി പിടിക്കാൻ ശ്രമിക്കുന്നുണ്ടോ എന്നാണ് സുധാകരൻ്റെ സംശയം. കരട് പട്ടികയിൽ ചേർത്ത പലരുടേയും കുറ് ഉറപ്പിക്കാൻ കെസി-വിഡി അനുകൂലികൾ ശ്രമിക്കുന്നുവെന്നും സുധാകരന് പരാതിയുണ്ട്. ഗ്രൂപ്പില്ലാതാക്കുമെന്ന് പറഞ്ഞ് പുതിയ ഗ്രൂപ്പിന് ശ്രമമെന്നാണ് ആക്ഷേപം .അതേ സമയം സുധാകരനുമായി ഒരു ഭിന്നതയും ഇല്ലെന്നാണ് സതീശൻറെ വിശദീകരണം. പുതിയ ഗ്രൂപ്പെന്ന ആക്ഷേപങ്ങളും സതീശൻ അനുകൂലികൾ തള്ളുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam