
തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് കേരളത്തിലെ വീടുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചെന്ന് കില(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ)യുടെ പഠനറിപ്പോർട്ട്. വിവിധ ഹെൽപ്പ് ലൈനുകൾക്ക് 2020 മാർച്ച് 23 മുതൽ ഏപ്രിൽ 18 വരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
കിലയുടെ വെബ്സൈറ്റിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം, നേരത്തെ നിലനിൽക്കുന്ന കുടുംബ പ്രശ്നങ്ങൾ ലോക്ക്ഡൗൺ കാലത്ത് കൂടുതൽ വഷളായതാണ് പരാതികൾ കൂടാൻ കാരണമെന്നാണ് സ്ത്രീ ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.
ഗാർഹിക അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കുന്ന മിത്ര, സഖി, ഭൂമിക, സ്നേഹിത, മഹിള സമഖ്യ ഹെൽലൈനുകൾ വഴി 188 പരാതികളാണ് കിട്ടിയത്. 26 ദിവസത്തിനിടെ ലഭിച്ച പരാതികളിൽ കൂടുതലും ശാരീരിക പീഢനത്തിന് എതിരെയുള്ളവയാണ്. 102 പരാതികൾ.
മാനസികമായി പീഡിപ്പിക്കുന്നെന്ന് കാണിച്ച് 79 ഉം ലൈംഗിക പീഡനത്തിന് നാലും പരാതികൾ കിട്ടി. സാമ്പത്തിക ബുദ്ധിമുട്ടാണ് ഗാർഹിക പീഡനത്തിനുള്ള പ്രധാന കാരണമായി കൂടുതൽ പേരും പറയുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 40 പേരാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയത്.
മദ്യം കിട്ടാത്തത് അതിക്രമത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി 28 പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സംശയ രോഗവും ലൈംഗിക വിസമ്മതവുമാണ് മറ്റ് കാരണങ്ങൾ. 188ൽ 131 പരാതികളിലും കുറ്റക്കാർ ഭർത്താവാണ്. 23 പരാതികളിൽ ഭർത്താവിന്റെ മാതാപിതാക്കളും 18പരാതികളിൽ മറ്റ് കുടുംബാംഗങ്ങളും പ്രതിസ്ഥാനത്തുണ്ട്. ഇടത്തരം സാമ്പത്തിക സ്ഥിതിയിലുള്ളവരിൽ നിന്നാണ് കൂടുതൽ പരാതികളും വന്നിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam