'ഉമ്മീ പേടിക്കണ്ട, കുഞ്ഞാപ്പുവിനെ കിട്ടി'; മുപ്പത്തഞ്ചടി ആഴമുളള കിണറ്റിൽ വീണ രണ്ടര വയസുകാരന് രക്ഷകനായി 15കാരൻ

Published : Jul 12, 2024, 09:05 AM IST
'ഉമ്മീ പേടിക്കണ്ട, കുഞ്ഞാപ്പുവിനെ കിട്ടി'; മുപ്പത്തഞ്ചടി ആഴമുളള കിണറ്റിൽ വീണ രണ്ടര വയസുകാരന് രക്ഷകനായി 15കാരൻ

Synopsis

"നമ്മുടെ അനിയൻ മരിക്കാൻ കിടക്കുമ്പോള്‍ ആരായാലും ചാടൂല്ലെ? എനിക്കെന്ത് പറ്റിയാലും കുഴപ്പമില്ല, അവനെ രക്ഷിക്കണം. അത്രയേ ഉണ്ടായിരുന്നുള്ളൂ"- ഫര്‍ഹാൻ പറഞ്ഞു

കൊച്ചി: മുപ്പത്തഞ്ചടി ആഴമുളള കിണറ്റില്‍ വീണ രണ്ടര വയസുകാരന് രക്ഷകനായി പതിനഞ്ചു വയസുകാരന്‍ വല്യേട്ടന്‍. സ്വന്തം ജീവന്‍ പണയം വെച്ചും അനിയനെ രക്ഷിക്കാന്‍ കാട്ടിയ ധൈര്യം, കൊച്ചി തൃക്കാക്കര കരിമക്കാട്ടെ പത്താം ക്ലാസ് വിദ്യാര്‍ഥി ഫര്‍ഹാനെ താരമാക്കിയിരിക്കുകയാണ്.

ചേട്ടന്‍ അനിയനെ കുഞ്ഞാപ്പൂ എന്നാണ് വിളിക്കുന്നത്. രണ്ടര വയസുകാരന്‍ കുഞ്ഞാപ്പിക്കിത് ജീവിതത്തിലേക്കുളള രണ്ടാം വരവാണ്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ 35 അടി ആഴമുളള കിണറ്റിലേക്കു വീണുപോയ കുഞ്ഞാപ്പിയെന്ന മുഹമ്മദിനെ വല്യേട്ടന്‍ ഫര്‍ഹാന്‍റെ ധൈര്യമാണ് കൈപിടിച്ച് കരയ്ക്കു കയറ്റിയത്.

സഹോദരങ്ങള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് മുഹമ്മദ് കിണറ്റിൽ വീണത്. കരച്ചിൽ കേട്ട് ഓടിയെത്തി കിണറ്റിലേക്ക് എടുത്തുചാടാൻ ഒരുങ്ങിയ ഉമ്മയെ പിടിച്ചു മാറ്റി ഫര്‍ഹാൻ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. എന്നിട്ട് 'ഉമ്മീ പേടിക്കണ്ട, ഞാൻ കുഞ്ഞാപ്പുവിനെ പിടിച്ചിട്ടുണ്ടെ'ന്ന് കിണറ്റിനുള്ളിൽ നിന്ന് വിളിച്ചു പറഞ്ഞു. പിന്നാലെ ജോലിക്കിടെ വിവരമറിഞ്ഞ് ഓടിയെത്തിയ ഉപ്പ കിണറ്റിലിറങ്ങി ഇരുവരെയും മുങ്ങിപ്പോവാതെ പിടിച്ചു നിർത്തുകയായിരുന്നു. വൈകാതെ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് ഫർഹാനെയും അനിയനെയും ഉപ്പയെയും പുറത്തെത്തിച്ചു.

കിണറ്റിലേക്കുളള ചാട്ടത്തില്‍ ഫര്‍ഹാന്‍റെ കാല്‍ മുട്ടൊന്ന് പൊട്ടി. പക്ഷേ എല്ലാം അനിയനു വേണ്ടിയല്ലേയെന്ന് ചേട്ടന്‍- "നമ്മുടെ അനിയൻ മരിക്കാൻ കിടക്കുമ്പോള്‍ ആരായാലും ചാടൂല്ലെ? എനിക്കെന്ത് പറ്റിയാലും കുഴപ്പമില്ല, അവനെ രക്ഷിക്കണം. അത്രയേ ഉണ്ടായിരുന്നുള്ളൂ". കുഞ്ഞാപ്പുവിന്‍റെ ജീവിതത്തിൽ എപ്പോഴും വല്യ ഇക്കയുടെ കരുതൽ കൂടെയുണ്ടാവട്ടെ.  

തൃക്കാക്കര മേരിമാതാ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഫർഹാൻ. രണ്ടര വയസ്സുകാരൻ മുഹമ്മദിന് വീഴ്ചയിൽ പരിക്കൊന്നുമില്ല. കിണറ്റിലെ പാറയിൽ ഇടിച്ചാണ് ഫർഹാന്‍റെ കാലിന് പരിക്കേറ്റത്. സംഭവത്തിന്‍റെ നടുക്കം വിട്ടുമാറിയില്ലെങ്കിലും ആളപായമുണ്ടായില്ലല്ലോ എന്ന ആശ്വാസത്തിലാണ് കുടുംബം.

'പ്രണയം ബസിലായി, യാത്ര തുടരുന്നു'; കണ്ണൂരിലെ 'വന്ദേ ഭാരതി'ൽ ഈ കപ്പിൾ ഹാപ്പിയാണ്...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ