ജോമോൻ ബസ് നിർത്തണമെങ്കിൽ ഭാര്യ ജിജിന ബെല്ലടിക്കണം. ജോലിയിലും ജീവിതത്തിലും ഒറ്റക്കെട്ട്.

കണ്ണൂർ: കണ്ണൂരുണ്ടൊരു ഹാപ്പി കപ്പിൾ. പാടിയോട്ടുചാൽ സ്വദേശികളായ ജോമോനും ജിജിനയും. ഈ ദമ്പതികളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ പ്രധാന കാരണം ഒരു ബസാണ്. ഒരു ബസിനെങ്ങനെ ജീവിതം ഹാപ്പിയാക്കാൻ കഴിയുമെന്നല്ലേ?

ഇങ്ങ് മലയോരത്തുണ്ടൊരു വന്ദേ ഭാരത്. ഡ്രൈവ‍ർ ജോമോൻ ബസ് നിർത്തണമെങ്കിൽ ഭാര്യ ജിജിന ബെല്ലടിക്കണം. ജോലിയിലും ജീവിതത്തിലും ഒറ്റക്കെട്ട്. നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നയാള്‍ എപ്പോഴും കൂടെയുണ്ടെങ്കിൽ അത് വലിയ സന്തോഷമാണെന്ന് ജോമോൻ പറയുന്നു. 

കഥയറിയാത്ത യാത്രക്കാർക്ക് സംശയം. അറിയുന്നവർ അത് ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞു കൊടുത്ത് സംശയം തീർക്കും. വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ തന്നെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒഴിവാകുമെന്ന് ജിജിനയും ജോമോനും പറയുന്നു. 

"പണ്ടൊക്കെ ആയിരുന്നെങ്കിൽ നിങ്ങള്‍ക്ക് കുറച്ച് നേരത്തെ വന്നൂടേയെന്ന് പറയുമായിരുന്നു. കഷ്ടപ്പാടെന്താണെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. അതുകൊണ്ട് പരാതിയും പരിഭവവുമില്ല"- ജിജിന പറഞ്ഞു. 

ഹെവി ലൈസൻസുള്ള ജിജിന വേണ്ടി വന്നാൽ സ്റ്റിയറിങിലും കൈ വക്കും. കല്യാണം കഴിഞ്ഞ ശേഷമാണ് ജിജിന വണ്ടിയോടിക്കാൻ പഠിച്ചതെന്ന് ജോമോൻ പറഞ്ഞു. ചെറുപുഴയിൽ നിന്ന് തുടങ്ങി പാണത്തൂർ വരെ ഇരുവരുമങ്ങനെ ബസിൽ പ്രണയിച്ച് യാത്ര തുടരുകയാണ്.

ആദ്യം പൊലീസ് സംഘമെത്തിയത് കേസന്വേഷിക്കാൻ, വീണ്ടും വന്നത് പുസ്തകങ്ങളും ക്രയോണുകളുമായി; കുരുന്നുകൾ ഹാപ്പി

YouTube video player