
മംഗളൂരു കേന്ദ്ര കാലാവസ്ഥ വകുപ്പ് കർണാടകയിലെ മംഗളൂരുവിൽ ഡോപ്ലർ റഡാർ സ്ഥാപിച്ചതോടെ ഉത്തരകേരളവും ഇനി റഡാർ പരിധിയിൽ. വ്യാഴാഴ്ചയാണ് 250 കി.മി പരിധിയിൽ നിരീക്ഷണം നടത്താൻ കഴിയുന്ന സി ബാൻഡ് റഡാർ മംഗളൂരുവിലെ ശാക്തിനഗറിൽ സ്ഥാപിച്ചത്. കർണാടക തീരപ്രദേശങ്ങൾ, ഗോവ, വടക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങൾ, അറബിക്കടൽ മേഖലകൾ റഡാര് പരിധിയിൽ വരും. കേന്ദ്ര ഭൗമ സഹമന്ത്രി ജിതേന്ദ്ര സിംഗ് രണ്ട് റഡാറുകളും ഉദ്ഘാടനം ചെയ്തു. ഒപ്പം ഇന്ത്യ കാലാവസ്ഥാ വകുപ്പിന്റെ (IMD) ആസ്ഥാനത്ത് 771-kWp സൗരോർജ്ജ സംവിധാനവും വിദ്യാർത്ഥികൾക്കും യുവ പഠിതാക്കൾക്കുമായി രൂപകൽപ്പന ചെയ്ത പുതിയ കാലാവസ്ഥാ മ്യൂസിയവും ഉദ്ഘാടനം ചെയ്തു.
നിലവിൽ റഡാർ പരിധിയിൽ വരാത്ത കാസർഗോഡ്, കണ്ണൂർ ജില്ലകൾ ഉൾപ്പെടെ റഡാറിന്റെ പരിധിയിൽ വരുന്നത് ഇനി മുതൽ വടക്കൻ കേരളത്തിലെ തത്സമയ അന്തരീക്ഷ അവസ്ഥ കൂടുതൽ കൃത്യമായി നിരീക്ഷിക്കാൻ സഹായകരമാകും. മൺസൂൺ, താഴ്ന്ന മർദ്ദ സംവിധാനങ്ങൾ, തീവ്രമായ കാലാവസ്ഥാ മാറ്റം എന്നിവ നിരീക്ഷിക്കും. റഡാർ വന്നതോടെ കാലാവസ്ഥാ പ്രവചനം കൂടുതൽ കാര്യക്ഷമമാകും. മംഗളൂരുവിന് പുറമെ, ഛത്തീസ്ഗഢിലും സമാനമായ റേഞ്ചിലുള്ള റഡാർ സ്ഥാപിച്ചു. ഇതോടോപ്പം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 100 കിലോമീറ്റര് പരിധിയുള്ള എക്സ് ബാൻഡ് റഡാർ സ്ഥാപിക്കാനുള്ള ജോലികൾ വയനാട്, കൊല്ലം എന്നിവിടങ്ങളിൽ പുരോഗമിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam