
കോഴിക്കോട്: മാമി തിരോധാനക്കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായില്ലെന്ന് ആദ്യ അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലുള്‍പ്പെടെ മനപൂര്‍വ്വമായി വീഴ്ച വരുത്തിയിട്ടില്ലെന്നാണ് നടക്കാവ് പോലീസ് സ്റ്റേഷനിലെ മുന്‍ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കിയത്. മാമിയെ അവസാനമായി കണ്ട അരയിടത്തുപാലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും വകുപ്പ് തല അന്വേഷണം നടത്തിയ എ സി പിക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. കേസന്വേഷണത്തില്‍ ലോക്കല്‍ പോലീസിന് വീഴ്ച പറ്റിയെന്നായിരുന്നു വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തല്‍.
മാമിയെ അവസാനമായി കണ്ട അരയിടത്തു പാലം സി ഡി ടവറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചില്ല, മാമിയുടെ ഡ്രൈവറുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ആദ്യ സമയത്ത് പരിശോധിക്കുന്നതില്‍ വീഴ്ച സംഭവിച്ചു- ഇതായിരുന്നു മാമി തിരോധാന കേസിൽ അന്വേഷണത്തില്‍ ലോക്കല്‍ പോലീസിന് സംഭവിച്ച വീഴ്ചയായി വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടില്‍ അക്കമിട്ട് പറഞ്ഞത്. നടക്കാവ് മുന്‍ എസ്എച്ച്ഒ പി.കെ.ജിജീഷ്, എസ്ഐ ബിനു മോഹന്‍, സീനിയര്‍ സിപിഒമാരായ ശ്രീകാന്ത്, കെ.കെ.ബിജു എന്നിവര്‍ക്കെതിരെയായിരുന്നു പരാമര്‍ശം.
എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ വകുപ്പ് തല അന്വേഷണം നടത്തിയ അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണ മറുപടിയില്‍ പറയുന്നത്. മാമിയെ അവസാനമായി കണ്ട അരടിയത്തുപാലത്തെ സിസിടിവി ദൃശ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ പരിശോധിച്ചിരുന്നു. ഉപകാരപ്രദമായ ദൃശ്യങ്ങളൊന്നും കിട്ടിയില്ല. സിഡി ടവറില്‍ സിസിടിവി ഉണ്ടായിരുന്നെങ്കിലും അത് പ്രവര്‍ത്തന ക്ഷമമായിരുന്നില്ല. കാണാതാവുന്നതിന് മുമ്പ് ഓഫീസ് നോക്കാനായി മാമിയെത്തിയ സൗത്ത് ബീച്ചിലെ കെട്ടിടത്തിന് സമീപമുള്ള മെഡിക്കല്‍ ഷോപ്പിലെ സിസിടിവി പരിശോധിച്ചിരുന്നു. എന്നാൽ റിപ്പയറിംഗിനായി കണക്ഷന്‍ ഊരി വെച്ചതിനാൽ ഇതിൽ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
മാമിയുടെ ഡ്രൈവർ വിശ്വസ്‌തനെന്ന് മാമിയുടെ കുടുംബം പറഞ്ഞതിനാലാണ് ഇയാളുടെ വീട്ടിലെ സിസിടിവി ആദ്യ ഘട്ടത്തില്‍ പരിശോധിക്കാതിരുന്നതെന്നും ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണത്തിലുണ്ട്. 69ലധികം സിസിടിവി ദൃശ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ പരിശോധിച്ചു. ആദ്യഘട്ട അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വീഴ്ചകളൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. വിശദീകരണ മറുപടിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണമടക്കം പരിഗണിച്ചാകും ഉത്തരമേഖലാ ഐജിയുടെ തുടര്‍ നടപടി.
മാമി തിരോധാന കേസ് അന്വേഷണത്തില്‍ ലോക്കല്‍ പോലീസിന് വീഴ്ച പറ്റിയെന്നായിരുന്നു ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണ വകുപ്പ് തല അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. 2023 ഓഗസ്റ്റ് 21നാണ് മാമിയെ കോഴിക്കോട് നിന്നും കാണാതാകുന്നത്. ലോക്കല്‍ പോലീസും പ്രത്യേക അന്വേഷണ സംഘവുമെല്ലാം അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.