ഡോ എൻ നാരായണൻ നായർ അന്തരിച്ചു; വിദ്യാഭ്യാസ ഭരണ രംഗത്തെ പ്രമുഖൻ, സംസ്കാരം നാളെ

Published : Apr 14, 2021, 04:16 PM ISTUpdated : Apr 14, 2021, 05:07 PM IST
ഡോ എൻ നാരായണൻ നായർ അന്തരിച്ചു; വിദ്യാഭ്യാസ ഭരണ രംഗത്തെ പ്രമുഖൻ, സംസ്കാരം നാളെ

Synopsis

കേരള സര്‍വകലാശാലയില്‍ നിന്ന് നിയമ ഡോക്ടറേറ്റ് നേടിയ ആദ്യവ്യക്തിയാണ് എന്‍ നാരായണന്‍ നായര്‍. ദേശീയ നിയമ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്നു. 30 വര്‍ഷം കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു അദ്ദേഹം.  

തിരുവനന്തപുരം: കേരള ലോ അക്കാദമി ഡയറക്ടർ ഡോ എൻ നാരായണൻ നായർ അന്തരിച്ചു. 93വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കേരളത്തിലെ നിയമപഠന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ഡോ നാരായണൻ നായർ ദേശീയ നിയമ സർവ്വകലാശാല വൈസ് ചാൻസല‍ർ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ധ്യാപകൻ, രാഷ്ട്രീയ പ്രവർത്തകൻ, വിദ്യാഭ്യാസ ഭരണനിർവ്വഹണ രംഗത്തെ കരുത്തൻ ഡോ എൻ നാരായണൻ നായർക്ക് ഇങ്ങനെ വിശേഷണങ്ങൾ പലതാണ്. 

എന്നാൽ ഡോ എൻ നാരായണൻ നായരുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന കേരള ലോ അക്കാദമി എന്ന കേരളത്തിലെ ആദ്യ സ്വാശ്രയ വിദ്യാഭ്യാസ കേന്ദ്രമാണ്. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, അഡ്വ നാരായണൻ പോറ്റി അടക്കം 1966 ൽ ഒരു സംഘം നിയമവിദഗ്ധരെ ഒപ്പം ചേർത്ത് നാരായണൻ നായർ തുടങ്ങിയ സ്ഥാപനമായിരുന്നു കേരള ലോ അക്കാദമി. കൂടുതൽ പേരിലേക്ക് നിയമപഠനം എത്തിക്കുന്നതിൽ അക്കാദമി വലിയ പങ്കുവഹിച്ചു. അക്കാദമിയില്‍ 88 വരെ പ്രിൻസിപ്പലായും മരണം വരെ ഡയറക്ടറായും നാരായണൻ നായർ പ്രവർത്തിച്ചു. 

കേരള സർവ്വകലാശാലയിൽ നിയമത്തിൽ ആദ്യത്തെ ഡോക്ടറേറ്റ് നേടിയ നാരായണൻ നായർ നീണ്ട അഞ്ച് പതിറ്റാണ്ട് സർവ്വകലാശാലാ ഭരണത്തിലും ഭാഗമായി. അമ്പത് വർഷത്തിലേറെയായി സെനറ്റ് അംഗം, മുപ്പത് വർഷം സിൻഡിക്കേറ്റ് അംഗം. കമ്മ്യൂണിസ്റ്റായ നാരായണൻ നായർ സിപിഐ സംസ്ഥാന സമിതിയിലും അംഗമായി. ഇന്തോ സോവിയറ്റ് സമാധാന ദൗത്യത്തിലും ഭാഗമായിരുന്നു. ദേശീയ നിയമ സർവ്വകലാശാലയായ നുവാൽസിന്‍റെ വൈസ് ചാൻസിലറായും ഡോ എൻ നാരായണൻ നായർ ഒന്നര വർഷം സേവനമനുഷ്ടിച്ചു.

വിദ്യാർത്ഥി സമരത്തെ തുടർന്ന് പലവിധ വിവാദങ്ങളിൽ ലോ അക്കാദമി നിറഞ്ഞപ്പോഴും പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ വാർദ്ധക്യത്തിലും ഡോ നാരായണൻനായർ മുന്നിട്ടിറങ്ങി. പരേതയായ പൊന്നമ്മായാണ് ഭാര്യ. ടെലിവിഷൻ പാചകപരിപാടികളിലൂടെ പ്രശസ്തയായ ഡോ ലക്ഷ്മി നായർ, അഡ്വ നാഗരാജ് നാരായണൻ എന്നിവർ മക്കളാണ്. സിപിഎം നേതാവും മുൻ എംഎൽഎയുമായ കോലിയക്കോട് കൃഷ്ണൻ നായരുടെ ജ്യേഷ്ഠനാണ് നാരായണൻ നായർ. സംസ്കാരം നാളെ തിരുവനന്തപുരത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ നാരായണൻ നായരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്