കേരളത്തിലെ എസ്എസ്എൽസി പരീക്ഷകൾക്ക് മാറ്റമില്ല, നിലവിലെ ഷെഡ്യൂൾ തുടരും

By Web TeamFirst Published Apr 14, 2021, 4:11 PM IST
Highlights

അതേസമയം, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് എന്ത് വേണമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഉച്ചയോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കാനും മാറ്റാനും തീരുമാനിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളിൽ മാറ്റമില്ല. പരീക്ഷകളെല്ലാം നിലവിൽ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ഉച്ചയോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കാനും പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ മാറ്റാനും തീരുമാനിച്ചിരുന്നു. അതേസമയം, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് എന്ത് വേണമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

കേരളത്തിൽ സിബിഎസ്‍ഇയിൽ നിന്ന് പത്താംക്ലാസ്സിന് ശേഷം പതിനൊന്നാം ക്ലാസ്സിലേക്ക് സ്റ്റേറ്റ് സിലബസ്സിൽ പഠിക്കാനെത്തുന്നത്, ശരാശരി നാൽപതിനായിരം മുതൽ നാൽപ്പത്തി അയ്യായിരം വരെ കുട്ടികളാണ്. ഇവരിൽ പലർക്കും പ്ലസ് വൺ പ്രവേശനത്തിൽ ഏതെങ്കിലും തരത്തിൽ പിന്തള്ളപ്പെടുമോ എന്ന ആശങ്കയുണ്ട്. പത്താംക്ലാസ് പരീക്ഷ റദ്ദാക്കപ്പെടുകയും, പരീക്ഷാരീതി തന്നെ സിബിഎസ്ഇ നിശ്ചയിക്കുന്ന ഒരു റാങ്കിംഗ് രീതിയിലേക്ക് മാറുകയും ചെയ്യുമ്പോൾ എങ്ങനെയാകും മാർക്കുകളെന്ന കാര്യത്തിലാകും സിബിഎസ്ഇയിൽ നിന്ന് വരുന്ന കുട്ടികളുടെ പ്രധാന ആശങ്ക. രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിജയശതമാനം ലഭിക്കുന്ന റീജ്യണാണ് കേരളത്തിലേത്, പ്രത്യേകിച്ച് തിരുവനന്തപുരം റീജ്യൺ. അതിനാൽത്തന്നെ ഇവിടെ നിന്ന് വരുന്ന കുട്ടികൾക്ക് സംസ്ഥാനസിലബസ്സിലേക്ക് മാറണമെങ്കിലോ, മറ്റ് സ്കൂളുകളിൽ ചേരണമെങ്കിലോ പ്രവേശനത്തിന് എന്തെങ്കിലും തടസ്സമുണ്ടാകുമോ എന്നതാണ് വിദ്യാർത്ഥികളുടെ പ്രധാന ആശങ്ക.

കേരളത്തിൽ പത്താംക്ലാസ് പരീക്ഷകൾ നിശ്ചയിച്ച ഷെഡ്യൂളിൽത്തന്നെ തുടരാനാണ് വിദ്യാഭ്യാസവകുപ്പിന്‍റെ തീരുമാനമെന്നിരിക്കേ, പൊതുവിൽ വിദ്യാർത്ഥികൾക്കിടയിൽ ആശയക്കുഴപ്പം പ്രകടമാണ്.

click me!