
പാലക്കാട്: സർക്കാർ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴുണ്ടായിരുന്ന ആരോപണങ്ങളാണ് തനിക്കെതിരെയുള്ളതെന്ന് ഡോ പ്രഭുദാസ്. പൂച്ചെണ്ടും പ്രതീക്ഷിച്ചല്ല ജോലിക്ക് ഇറങ്ങിയതെന്ന് പറഞ്ഞ അദ്ദേഹം തല ഉയർത്തിപ്പിടിച്ചാണ് അടുത്ത സ്ഥലത്തേക്ക് പോകുന്നതെന്നും പറഞ്ഞു.
താൻ ഒന്നും അട്ടപ്പാടിയിൽ നിന്നും കൊണ്ടുപോയിട്ടില്ലെന്ന് എനിക്ക് അറിയാം. എന്റെ കൈകൾ എനിക്ക് അറിയാം. ഇത്തരം കല്ലേറുകൾ പ്രതീക്ഷിച്ച് തന്നെയാണ് ജോലിക്ക് വന്നത്. സർക്കാരിനൊപ്പം നിൽക്കേണ്ടവരാണ് പദ്ധതികൾക്ക് തുരങ്കം വച്ചത്. താൻ ഈ സംവിധാനത്തിനൊപ്പം നിൽക്കുന്നയാളാണ്. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യത്തിൽ താൻ ഉറച്ചു നിൽക്കുന്നു. സ്ഥാപനത്തെ നശിപ്പിക്കാൻ നോക്കിയവരെ കണ്ടെത്തണം. ആശുപത്രി നന്നാക്കിയതിന് താൻ കുറ്റക്കാരനാണെങ്കിൽ ആ ശിക്ഷ ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
നല്ലൊരു ചികിത്സാ സംവിധാനം താൻ വരുമ്പോൾ അട്ടപ്പാടിയിലുണ്ടായിരുന്നില്ല. എന്നാൽ അതിനെ നല്ല നിലയിലേക്ക് വളർത്തിയെടുക്കാൻ കഴിഞ്ഞു. പകരക്കാരനായി വരുന്നയാൾ നല്ലയാളാണ്. കൂടുതൽ ഉയരത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷൽ ആശുപത്രി (Kottathara Tribal Special Hospital) സൂപ്രണ്ടായ ഡോ. പ്രഭുദാസിനെ (Dr Prabhudas) സ്ഥലം മാറ്റിയതിന് പിന്നാലെയാണ് അദ്ദേഹത്തിൽ നിന്നുള്ള പ്രതികരണം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. ആരോഗ്യമന്ത്രി വീണാ ജോർജിന് (Veena George) എതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ മിന്നൽ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ഡോ പ്രഭുദാസിന്റെ വിമർശനം. മന്ത്രിയുടെ സന്ദര്‍ശന സമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്നും കൈക്കൂലി ആവശ്യപ്പെട്ടത് തടഞ്ഞതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നുമായിരുന്നു ആരോപണം. ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ട എച്ച്എംസി അംഗങ്ങളെ തടഞ്ഞതാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നാണ് ഡോ. പ്രഭുദാസിന്‍റെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam